നിരുപാധികം കീഴടങ്ങാതെ ഇറാനുമായി യാതൊരു കരാറുമില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവിനെ തിരഞ്ഞെടുത്താല്‍ ഇറാനെ നാശത്തിന്‍റെ വക്കില്‍ നിന്നും കരകയറ്റുമെന്നാണ് ട്രംപിന്‍റെ വാഗ്ദാനം. ട്രൂത്ത് പോസ്റ്റിലിട്ട കുറിപ്പിലാണ് ട്രംപിന്‍റെ വാക്കുകള്‍.
''എല്ലാവർക്കും സ്വീകാര്യനായ നേതാവിനെ തിരഞ്ഞെടുത്താല്‍ ഇറാനെ നാശത്തിന്റെ വക്കിൽ നിന്ന് തിരികെ കൊണ്ടുവരാൻ യു.എസും സഖ്യകക്ഷികളും ഒരുമിച്ച പ്രവര്‍ത്തിക്കും. ഇറാനെ സാമ്പത്തികമായി വലുതും മികച്ചതും ശക്തവുമാക്കും. മേയ്ക്ക് ഇറാന്‍ ഗ്രേറ്റ് ഏഗേന്‍ (MIGA!)'' എന്നാണ് ട്രംപിന്‍റെ പോസ്റ്റ്. കഴിഞ്ഞ ദിവസം ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നാലോ അഞ്ചോ ആഴ്ചയ്ക്കുള്ളില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുെമന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ താന്‍ യാതൊന്നിനും സമയപരിധി വച്ചിട്ടില്ലെന്നും ദൗത്യം പൂര്‍ത്തിയാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആയത്തുല്ല ഖമനയിക്ക് പകരം ഇറാന്‍റെ പരമോന്നത നേതാവായി കരുതപ്പെടുന്ന മകന്‍ മൊജ്താബ ഖമനയിയെ അംഗീകരിക്കില്ലെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. സമാധാനവും സ്വസ്ഥതയും പുനഃസ്ഥാപിക്കാന്‍ കഴിയുന്ന നേതാവിനെയാണ് ഇറാന് ആവശ്യമെന്നും മൊജ്താബയെ തിരഞ്ഞെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആക്സിയോസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഖമനയിക്ക് പകരക്കാരനായി ആരാണ് മനസിലുള്ളതെന്ന ചോദ്യത്തിന് 'ഞങ്ങളുടെ മനസിലുണ്ടായിരുന്നവരെല്ലാം മരിച്ചുകഴിഞ്ഞു' എന്നാണ് ട്രംപ് മറുപടി നല്‍കിയത്.
അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുകയാണ്. ടെഹ്‌റാനിലും ബെയ്‌റൂട്ടിലും ഇസ്രയേല്‍ കനത്ത ആക്രമണം നടത്തി. ടെഹ്റാനിലെ ഖമനയിയുടെ ഭൂഗര്‍ഭ ബങ്കറുകള്‍ 50 ജറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഖോം നഗരം ആക്രമിക്കുമെന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പും നല്‍കി. അതേസമയം, യുഎസ് സൈനിക താവളങ്ങളുള്ള അറബ് രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം തുടരുകയാണ്. യുഎസ് സൈനിക താവളങ്ങളുള്ള കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച പുലർച്ചെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.