r-sreelekha-02

സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയതിന്റെ പേരിലെടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി

 

പൗരാവകാശ പ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം  സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നതും അവരെ അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. 

 

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുൻപ് സംപ്രേക്ഷണം ചെയ്ത വിഡിയോയിൽ വെളിപ്പെടുത്തിയെന്നും മറ്റൊരു വിഡിയോയിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നുവെന്നും പരാതിയിലുണ്ട്.

 

എന്നാല്‍ തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. മുപ്പത്തിമൂന്നര വർഷം പൊലീസ് ഉദ്യോഗസ്ഥയായിരുന്ന താൻ എന്നും ഇരകൾക്കൊപ്പമാണെന്നും അവർ പറഞ്ഞു.  2021ൽ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ താൻ പേരു വെളിപ്പെടുത്തിയെന്നു  പറയുന്ന പീഡനത്തിനിരയായ പെൺകുട്ടിക്ക് മരണസമയത്ത് 20 വയസ്സിനോട് അടുത്ത് പ്രായമുണ്ടായിരുന്നു. താൻ നേതൃത്വം നൽകിയ അന്വേഷണത്തിൽ ആ കുട്ടി പ്രായപൂർത്തിയായ ആളാണെന്ന് വ്യക്തമായതാണെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി.

 

എഫ്‌ഐആറിൽ 'മൈനർ' എന്ന് രേഖപ്പെടുത്തിയെങ്കിലും കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ തനിക്കെതിരെയുള്ള കേസിൽ പോക്‌സോ നിലനിൽക്കില്ല. 2022ലെ സംഭവം ആയതിനാൽ ഭാരതീയ ന്യായ സംഹിത ബാധകമല്ലെന്നും അവർ പറഞ്ഞു. കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിൽ മാതാപിതാക്കൾക്ക് പരാതിയില്ലെന്നും മാധ്യമങ്ങളിൽ പലയിടത്തും ആ കുട്ടിയുടെ പേര് ഇതിനോടകം വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

R Sreelakha, a former DGP and corporation councilor, has filed a petition in the Kerala High Court seeking to quash a POCSO case registered against her. This case stems from her alleged revelation of names and details of victims on her YouTube channel.