താരസംഘടനയായ അമ്മയിൽ ശ്വേതാ മേനോനെതിരെ പടയൊരുക്കം. തിരഞ്ഞെടുപ്പ് വേണോ ശ്വേത തുടരണമോ എന്നതില്‍ 'പെൺമക്കൾ'വാട്സാപ് ഗ്രൂപ്പിൽ അഭിപ്രായരൂപീകരണത്തിന് ശ്രമം തുടങ്ങി. വാട്സാപ്പ് ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും മനോരമ ന്യൂസിന് ലഭിച്ചു. ശ്വേതയെ നേരത്തെ വാട്സാപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയിരുന്നു.'
സംഘടനയ്ക്കുള്ളിലെ തർക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭരണസമിതിയുടെ നിലനിൽപ്പും അഡ്ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാക്കിയും ‘അമ്മ’യിലെ പവർ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോൻ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ചതോടെ താരസംഘടനയിലെ പോര് വീണ്ടും ചൂടുപിടിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതരാണ് സംഘടനയിലെ ചിലരെ മുൻനിർത്തി തന്നെ അധിക്ഷേപിക്കുന്നതെന്നും താൻ എക്സിക്യൂട്ടീവിൽ ഉള്ളിടത്തോളം കാലം ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാൻ അനുവദിക്കില്ലെന്നും സമൂഹ മാധ്യത്തിൽ പങ്കുവച്ച പോസ്റ്റിൽ ശ്വേത മേനോൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും സംഘടനയുടെ നേതൃത്വത്തിൽ വരാൻ ശ്രമിക്കുന്നതുമായ കുറ്റാരോപിതരുടെ പേരുകൾ ശ്വേത വ്യക്തമാക്കണമെന്നു മാല പാർവതി സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടു. ഇതിനു താഴെ പരിഹാസ കമന്റുമായി ശ്വേത എത്തിയതോടെ ആരോപണ പ്രത്യാരോപണങ്ങൾ വീണ്ടും സജീവമായി.‘‘കുറ്റാരോപിതർ ആരോക്കെയാണെന്നും ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ നന്നായി അറിയൂ’’ എന്നായിരുന്നു മാലാ പാർവതിയുടെ പോസ്റ്റിനു താഴെ ശ്വേതയുടെ മറുപടി.