Cockroach Janta Party spokespersons Vijeta Dahiya (L) Saurav Das and Ashutosh Ranka (R ) File photo
ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയ സമരക്കാരെ സര്‍ക്കാര്‍ വേട്ടയാടുന്നെന്ന് സിജെപി നേതാവ് സൗരവ് ദാസ്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനാലാണ് സമരം നിര്‍ത്തിയത്. ഇപ്പോള്‍ ഓരോരുത്തരെയായി ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓരോ പ്രവര്‍ത്തകന്‍റെയും സുരക്ഷ സിജെപി ഉറപ്പുവരുത്തും. ഉറപ്പ് പാലിച്ച് കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സൗരവ് മാധ്യമങ്ങളോടു പറഞ്ഞു. എം.പി കപില്‍ സിബലിനൊപ്പമാണ് സൗരവ് മാധ്യമങ്ങളെ കണ്ടത്.
രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും സമരക്കാര്‍ക്കെതിരെ കേസുകളെടുക്കുന്നതായി കപില്‍ സിബല്‍ പറഞ്ഞു. പരിഹാരത്തിനായി സിജെപി വെബ്സൈറ്റ് ആരംഭിച്ചു. ഒരു കോടി രൂപ ഈ ഉദ്യമത്തിലേക്ക് താന്‍ നല്‍കും. നിയമസഹായം നല്‍കുകയാണ് ലക്ഷ്യമെന്നും കപില്‍ സിബല്‍ വിശദീകരിച്ചു. പ്രതിഷേധക്കാര്‍ക്ക് എതിരെ രാജ്യവ്യാപകമായി തുടരുന്ന പൊലീസ് നടപടികളില്‍ സര്‍ക്കാരിന് സി.ജെ.പി താക്കീത് നല്‍കി. പൊലീസ് നടപടി ഉണ്ടാകില്ലെന്ന വാക്ക് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് പോകുമെന്നാണ് പ്രതികരണം.
Also Read: സിജെപി സമരത്തിനിടെ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
അതേസമയം പ്രധാനമന്ത്രിക്കെതിരെ ഉയർന്ന പോസ്റ്റുകൾ നീക്കാൻ ഡൽഹി പൊലീസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നോട്ടിസ് നൽകി. ബിഹാർ ബന്ദിനിടെ വെടിയുതിർത്ത പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയില്‍ പരുക്കേറ്റ പെണ്‍കുട്ടിയുടെ നിലയില്‍ പുരോഗതിയെന്ന് ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രി അറിയിച്ചു
അസം, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് സിജെപി നിലപാട് കടുപ്പിച്ചത്. പൊലീസ് നടപടി അവസാനിപ്പിച്ചെങ്കില്‍ ശക്തമായ തീരുമാനമെടുക്കും. പൊലീസ് നടപടി ഉണ്ടാകില്ലെന്ന ഉറപ്പിൽ നിന്നുള്ള സർക്കാരിന്റെ മാറ്റം വിശ്വാസവഞ്ചനയാണ്. വാഗ്ദാനങ്ങൾ നൽകുന്നതിലൂടെയല്ല, പാലിക്കുന്നതിലൂടെയാണ് സർക്കാരിന് വിശ്വാസ്യത ലഭിക്കുന്നതെന്നും സിജെപി ഓർമ്മിപ്പിച്ചു. ബീഹാർ ബന്ദിനിടെ സിവാനിൽ എ.കെ 47 ഉപയോഗിച്ച് വെടിവെപ്പ് നടത്തിയ പൊലീസുകാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സസ്പെൻഡ് ചെയ്തത്.
വെടിവെപ്പിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. വെടിവെപ്പ് നടന്ന ബാക്കി 2 ഇടത്ത് പോലീസ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് മറുപടി. നാനൂറ്റി അമ്പത് പേർ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. 21 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തുിട്ടുള്ളത്. ഇതിനിടെ ആശുപത്രി വിട്ട സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് ലഡാക്കിലേക്ക് മടങ്ങും വഴി രാജി ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി
പ്രധാമന്ത്രിക്കും സര്‍ക്കാരിനും എതിരെ വ്യാജവും അപകീര്‍ത്തികരവുമായ പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി തുടരുന്നു എന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. ഇത്തരം പോസ്റ്റുകൾ നീക്കാൻ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകി. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നും രാമനെ അപമാനിക്കാൻ ശ്രമിച്ചു എന്നുമുള്ള ന്യായീകരവുമായി പ്രതിഷേധക്കാരെ മർദിച്ച ഗാസിയബാദിലെ സംഘപരിവാർ നേതാവ് സത്യം പണ്ഡിറ്റ് രംഗത്തെത്തി.