ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകര്‍ക്കെതിരെ പലവട്ടം അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസിന്‍റെ ആശയ പ്രചാരകന്‍ ടി.ജി.മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഐവൈഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് അന്വേഷണം. സൈബര്‍ സെല്‍ ഐ.ജിയാണ് സംഭവം അന്വേഷിക്കുന്നത്.
ജന്തർ മന്തറില്‍ ബലാല്‍സംഗം ഇഷ്ടപ്പെടുന്ന ടീമാണ് ഉള്ളതെന്നാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയില്‍ മോഹന്‍ദാസ് അവസാനമായി പറഞ്ഞത്. 'ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെൺകുട്ടികളുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയിൽ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാത്സംഗം ചെയ്യൂ എന്ന് ഒരു സ്ത്രീ പറഞ്ഞതായാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടൻമാരെല്ലാം ഈ പരിപാടികൾ ഇഷ്ടപ്പെടുന്നവരാണ്. അതിനിടയ്ക്ക് ആരെങ്കിലും ചത്ത് കഴിഞ്ഞാല്‍ രക്തസാക്ഷിയായി', എന്നാണ് മോഹന്‍ദാസ് പറഞ്ഞത്.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്ന് മോഹൻദാസ് മറ്റൊരു വിഡിയോയിൽ പറഞ്ഞത് വിവാദമായിരുന്നു. ''എനിക്ക് ഈ സിറ്റ്വേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും..So many things will happen' എന്നായിരുന്നു മുന്‍ വിഡിയോയില്‍ മോഹൻദാസ് പറഞ്ഞത്.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായി പരാമര്‍ശങ്ങള്‍ നടത്തിയ മോഹന്‍ദാസിനെതിരെ നിയമനടപടി വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അതേസമയം വിദ്യാര്‍ഥികളെ വെടിവെച്ചുകൊല്ലണമെന്ന പരാമര്‍ശത്തില്‍ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ടി.ജി.മോഹന്‍ദാസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.