പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയില്‍ കുടുങ്ങി ലോകകപ്പിന് എത്തിയ വെസ്റ്റിന്‍ഡീസ് താരങ്ങള്‍. ഇന്ത്യയില്‍ കുടുങ്ങിയ വിന്‍ഡീസ് സ്പിന്നര്‍ അകേല്‍ ഹൊസൈൻ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് രക്ഷിക്കണമെന്നാവശ്യപ്പെട്ടു. ഗള്‍ഫിലെ വിമാനത്താവളങ്ങള്‍ അടച്ചതും വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളുമാണ് വിന്‍ഡീസ് ടീമിനെ ബാധിക്കുന്നത്.
സൂപ്പര്‍ എട്ടില്‍ മത്സരം അവസാനിച്ചെങ്കിലും വിമാനങ്ങള്‍ റദ്ദാക്കിയതോടെ വിന്‍ഡീസ് ടീമിന്‍റെ യാത്ര മുടങ്ങുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ ടീമിനെ നാട്ടിലെത്തിക്കാന്‍ ചാർട്ടർ ഫ്ലൈറ്റ് ക്രമീകരിക്കുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് വ്യക്തമാക്കിയെങ്കിലും അനുമതി കാരണം യാത്ര വൈകുകയാണ്. അതിനിടെയാണ് അകേല്‍ ഹൊസൈന്‍റെ രസകരമായ ട്വീറ്റ് വരുന്നത്.
''ഈ ഘട്ടത്തിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ജെറ്റ് അയച്ച് എന്നെ രക്ഷിക്കാൻ വരാൻ ആവശ്യപ്പെടുന്നതാണ് നല്ലത്, അല്ലേ?" എന്നാണ് താരം എക്‌സിൽ കുറിച്ചത്. വിന്‍ഡീസ് കോച്ച് ഡാരന്‍ സാമിയുടെ പോസ്റ്റിലാണ് അകേല്‍ ഹൊസൈന്‍റെ കമന്‍റ്. 'എനിക്ക് വീട്ടിലേക്ക് പോകണം' എന്നാണ് കഴിഞ്ഞ ദിവസം സാമി പോസ്റ്റിട്ടത്. അകേല്‍ ഹൊസൈന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. മത്സരം കഴിഞ്ഞ് അഞ്ചു ദിവമസായിട്ടും വിന്‍ഡീസ് ടീം നിലവില്‍ കൊല്‍ക്കത്തയിലാണ്.
നേരത്തെ ടീമിന്‍റെ മടക്കയാത്രയെ പറ്റി വിന്‍ഡീസ് കോച്ച് ഡാരന്‍ സാമി ഐസിസിയോട് വ്യക്തത തേടിയിരുന്നു. വെള്ളിയാഴ്ച രാവിലെ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്, ഐസിസി, ടീം മാനേജ്മെന്‍റ്, കളിക്കാര്‍ എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന ഉന്നതതല യോഗം നടന്നിരുന്നു. ടീമിന്‍റെ യാത്രയ്ക്കായി ചാര്‍ട്ടര്‍ ഫ്ലൈറ്റ് ക്രമീകരിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് വ്യക്തമാക്കി.