പി.വി.അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തില്‍ യുഡിഎഫ് പുകയുന്നു. അന്‍വറിനോടുള്ള വിയോജിപ്പ് ആവര്‍ത്തിച്ച സതീശന്‍, കെ.സുധാകരന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും ആരോപിച്ചു. സുധാകരനും താനും പറഞ്ഞത് ഒരേ കാര്യമാണെന്നും ഇന്നലെ പറഞ്ഞതില്‍ നിന്ന് ഒരു മാറ്റവുമില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. അതേസമയം അന്‍വറുമായുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന പുതിയ നിലപാട് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രഖ്യാപിച്ചു. സര്‍ക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് രാജിവച്ച അന്‍വറിനെ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കി. അന്‍വറുമായുള്ള കൂടിക്കാഴ്ച രാത്രിയില്‍ കോഴിക്കോട് വച്ച് നടക്കും. അന്‍വറും കോഴിക്കോടേക്ക് പുറപ്പെട്ടു.
അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനിക്കേണ്ടെന്നായികുന്നു കെ.സുധാകരന്‍ നേരത്തെ പ്രതികരിച്ചത്. ലീഗീന് അന്‍വറിനെ കൊണ്ടുവരാന്‍ താല്‍പര്യമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു. നിലമ്പൂരില്‍ അന്‍വറിന്‍റെ വോട്ട് കിട്ടിയില്ലെങ്കില്‍ അത് യുഡിഎഫിന് തിരിച്ചടിയാവും. അന്‍വറിനെ യുഡിഎഫില്‍ കൊണ്ടുവരണമെന്നും ഘടകകക്ഷിയാക്കണമെന്നും കെ.സുധാകരന്‍ ആവശ്യം ഉന്നയിച്ചിരുന്നു.
വി.ഡി. സതീശനാണ് തന്‍റെ മുന്നണി പ്രവേശനം തടയുന്നതിന് പിന്നിലെന്ന് വ്യക്തമാക്കാൻ അൻവർ ഉപയോഗിച്ചത് കെ സുധാകരന്റെയും രമേശ് ചെന്നിത്തലയുടെയും പിന്തുണയാണ്. യുഡിഎഫിലെ അസോഷ്യേറ്റ് അംഗമാക്കാമെന്ന് കഴിഞ്ഞ 15 ന് വി ഡി സതീശൻ സമ്മതിച്ചിരുന്നുവെന്ന് പറഞ്ഞ അൻവർ, വസ്ത്രാക്ഷേപം നടത്തി തന്‍റെ മുഖത്ത് നേതൃത്വം ചെളി വാരി എറിഞ്ഞെന്നും ആരോപിച്ചു.