ഔദ്യോഗിക പ്രഖ്യാപനമൊന്നുമില്ലെങ്കിലും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ മുഖം. സതീശന്‍റെ നിലപാടുകളും ഇടപെടലുകളും നേതൃത്വവുമെല്ലാം വലിയതോതില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് ലഭിക്കുന്ന പിന്തുണ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സതീശന് ലഭിക്കുന്നുണ്ടോ? ഇക്കാര്യം മനോരമന്യൂസ് – സി വോട്ടര്‍ ഇലക്ഷന്‍ പള്‍സ് സര്‍വേയില്‍ വീണ്ടും വോട്ടര്‍മാരോട് ചോദിച്ചു. അതിനുള്ള മറുപടി ചിന്തിക്കാന്‍ വകനല്‍കുന്നതായിരുന്നു.
പ്രതിപക്ഷനേതാവിന്‍റെ പ്രകടനം എങ്ങനെയുണ്ട് എന്നായിരുന്നു ഇലക്ഷന്‍ ട്രാക്കറിലെ ചോദ്യം. 33.1 ശതമാനം പേര്‍ പ്രതിപക്ഷനേതാവിന്‍റെ പ്രകടനം നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. 22.9 ശതമാനം ശരാശരി എന്നും നിലപാടെടുത്തു. ഫെബ്രുവരി മൂന്നാംവാരമാണ് ആദ്യമായി പ്രതിപക്ഷനേതാവിന്‍റെ പ്രകടനം വിലയിരുത്തിയത്. അപ്പോള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടവര്‍ 33.2 ശതമാനമായിരുന്നു. 0.1 ശതമാനത്തിന്‍റെ കുറവ് മാത്രം. വി.ഡി.സതീശന്‍റെ പ്രകടനം മോശമാണെന്ന് പറഞ്ഞവരുടെ എണ്ണത്തിലും ആനുപാതികമായ വ്യത്യാസമേ ഉണ്ടായിട്ടുള്ളു. 35.6 ശതമാനത്തില്‍ നിന്ന് 35.7 ശതമാനമായി. കഴിഞ്ഞയാഴ്ചയിലെ സര്‍വേയില്‍ 8.3 ശതമാനം പേര്‍ വ്യക്തമായ നിലപാടെടുത്തില്ല.
ഫെബ്രുവരി 27, 28 തീയതികളിലാണ് സ്നാപ് പോളും ഇലക്ഷന്‍ ട്രാക്കര്‍ അഭിപ്രായസര്‍വേയും സംഘടിപ്പിച്ചത്. ഇലക്ഷന്‍ ട്രാക്കറില്‍ 8598 പേരും സ്നാപ് പോളില്‍ 1348 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരം ആരംഭിച്ച തുടര്‍സര്‍വേയുടെ നാലാം ഭാഗമായിരുന്നു ഇത്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളുമാണ് സര്‍വേയുടെ ഭാഗമാകുന്നത്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്‍റെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെയും വീക്‌ലി റേറ്റിങ്ങും മനോരമന്യൂസ് – സി വോട്ടര്‍ സര്‍വേയില്‍ എല്ലാ ആഴ്ചയും അറിയാം.