07-CM-Performance_Good

സ്വര്‍ണക്കൊള്ളയും കേസുകളും കഴുത്തുളുക്കിയ ആരോഗ്യമേഖലയും ജനവികാരം എതിരാക്കുമോയെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേതൃത്വം. എന്നാല്‍ സര്‍ക്കാരിന്‍റെയും മുന്നണിയുടെയും മുഖമായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജനപ്രീതിയെ ഇതെല്ലാം ബാധിക്കുന്നുണ്ടോ? ഒരുമാസം മുന്‍പ് കണ്ട രീതിയിലല്ല മുഖ്യമന്ത്രിയെ ഇപ്പോള്‍ ജനം വിലയിരുത്തുന്നതെന്നാണ് മനോരമന്യൂസ് – സി വോട്ടര്‍ ഇലക്ഷന്‍ പള്‍സ് ട്രാക്കര്‍ സര്‍വേയുടെ ഏറ്റവും പുതിയ ഫലം വ്യക്തമാക്കുന്നത്. 

മുഖ്യമന്ത്രിയുടെ പ്രകടനം എങ്ങനെ എന്ന ചോദ്യത്തിന് 31.3 ശതമാനം പേര്‍ നല്ലതെന്നും 18.5 ശതമാനം പേര്‍ ശരാശരി എന്നും അഭിപ്രായപ്പെട്ടു. ഫെബ്രുവരി ആദ്യവാരം ട്രാക്കര്‍ ആക്ടിവ് ആയപ്പോള്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പിന്തുണ 27 ശതമാനമായിരുന്നു. രണ്ടാമത്തെ ആഴ്ച അത് 26.2 ശതമാനമായി കുറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ആഴ്ച മുഖ്യമന്ത്രിയെ പിന്തുണച്ചവരുടെ എണ്ണം കുതിച്ചുകയറി. 29.6 ശതമാനമായിരുന്നു മൂന്നാംവാരത്തിലെ നില. കഴിഞ്ഞയാഴ്ച അത് വീണ്ടും ഉയര്‍ന്ന് 31.3 ശതമാനമെത്തി. 

മുഖ്യമന്ത്രിയുടെ പ്രകടനം മോശമാണെന്ന് കരുതുന്നവരാണ് ഇപ്പോഴും കൂടുതല്‍. എന്നാല്‍ ഫെബ്രുവരി ആദ്യവാരത്തെ അപേക്ഷിച്ച് അവരുടെ ശതമാനം കാര്യമായി കുറഞ്ഞിട്ടുണ്ട്. 53.1% പേരാണ് ആദ്യത്തെ ആഴ്ച മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയത്. രണ്ടാംവാരം അത് ഉയര്‍ന്ന് 54.6 ശതമാനമായി. എന്നാല്‍ മൂന്നാംവാരം മുതല്‍ മുഖ്യമന്ത്രിയെ എതിര്‍ക്കുന്നവരുടെ എണ്ണത്തില്‍ ഇടിവുണ്ടായി. 48.5 ശതമാനം പേരാണ് മൂന്നാമത്തെ ആഴ്ചയിലെ ട്രാക്കര്‍ സര്‍വേയില്‍ മുഖ്യമന്ത്രിയുടെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞയാഴ്ച അത് വീണ്ടും ഇടിഞ്ഞ് 46.7 ശതമാനത്തിലെത്തി. പ്രകടനം നല്ലതാണെന്ന് കരുതുന്നവരുടെ എണ്ണം കൂടുകയും മോശമാണെന്ന് കരുതുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നത് ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസം നല്‍കും.

ഫെബ്രുവരി 27, 28 തീയതികളിലാണ് സ്നാപ് പോളും ഇലക്ഷന്‍ ട്രാക്കര്‍ അഭിപ്രായസര്‍വേയും സംഘടിപ്പിച്ചത്. ഇലക്ഷന്‍ ട്രാക്കറില്‍ 8598 പേരും സ്നാപ് പോളില്‍ 1348 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരം ആരംഭിച്ച തുടര്‍സര്‍വേയുടെ നാലാം ഭാഗമായിരുന്നു ഇത്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളുമാണ് സര്‍വേയുടെ ഭാഗമാകുന്നത്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്‍റെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെയും വീക്‌‌ലി റേറ്റിങ്ങും മനോരമന്യൂസ് – സി വോട്ടര്‍ സര്‍വേയില്‍ എല്ലാ ആഴ്ചയും അറിയാം.

ENGLISH SUMMARY:

The latest Manorama News-C Voter Election Pulse Tracker indicates a notable recovery in Chief Minister Pinarayi Vijayan's approval ratings despite various government controversies. While his positive performance rating stood at 27% in early February, it has steadily climbed to 31.3% in the final week of the month. Conversely, the percentage of voters who viewed his performance as "poor" dropped from a high of 54.6% to 46.7% over the same period. This upward trend in popularity provides a significant morale boost for the LDF leadership as they head into the election season.