04-Thanthri

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നെട്ടോട്ടമോടിയ സര്‍ക്കാരിനെ വെട്ടിലാക്കിയ ഒന്നായിരുന്നു തന്ത്രിയുടെ അറസ്റ്റിനെതിരായ കോടതി പരാമര്‍ശങ്ങള്‍. ഇതോടെ യുഡിഎഫും ബിജെപിയും തന്ത്രിയുടെ രക്ഷകരായി അവതരിക്കുകയും സര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജനം എന്താണ് ചിന്തിക്കുന്നത്. സര്‍ക്കാരോ പ്രതിപക്ഷമോ ശരി? ഈ ചോദ്യം മനോരമന്യൂസ് – സി വോട്ടര്‍ ഇലക്ഷന്‍ പള്‍സ് സര്‍വേയില്‍ വോട്ടര്‍മാരോട് നേരിട്ട് ചോദിച്ചു. അവരുടെ മറുപടി ചിന്തിപ്പിക്കുന്നതായിരുന്നു.

തന്ത്രിയുടെ അറസ്റ്റില്‍ വോട്ടര്‍മാര്‍ സര്‍ക്കാരിനൊപ്പമാണ് എന്നാണ് സര്‍വേ പറയുന്നത്. തന്ത്രിയുടെ അറസ്റ്റ് അനാവശ്യമായിരുന്നോ എന്നായിരുന്നു സര്‍വേയിലെ ചോദ്യം. 57 ശതമാനം പേര്‍ അറസ്റ്റ് അനാവശ്യമല്ല എന്ന നിലപാടിലാണ്. 29.5 ശതമാനം പേര്‍ തന്ത്രിയുടെ അറസ്റ്റ് അനാവശ്യമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. 13.5 ശതമാനം അഭിപ്രായം പറഞ്ഞില്ല.

സര്‍ക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ചും നേതാക്കളുടെ മികവിനെക്കുറിച്ചുമെല്ലാം നടക്കുന്ന പി.ആര്‍ പ്രചരണം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നറിയാനും ‘ഇലക്ഷന്‍ പള്‍സ്’ ശ്രമിച്ചു. പൊതുജനസമ്പര്‍ക്ക വകുപ്പ് വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും സര്‍ക്കാര്‍ പ്രതിച്ഛായ മെച്ചപ്പെടുത്തല്‍ യജ്ഞം ആരംഭിച്ചിട്ട് മാസങ്ങളായി. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെല്ലാം വ്യക്തിഗത പി.ആര്‍ ചെയ്യാന്‍ ഏജന്‍സികളുണ്ട്. സ്ഥാനാര്‍ഥികള്‍ രംഗത്തുവരുമ്പോള്‍ അവര്‍ക്കുമുണ്ടാകും പി.ആര്‍. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തലാണ് പിആര്‍ഡി വഴിയുള്ള പ്രചാരണത്തിന്‍റെ ലക്ഷ്യം. ഇതെല്ലാം കണ്ടാണ് ജനം വോട്ട് ചെയ്യുക?

പി.ആര്‍ പ്രവര്‍ത്തനം കണ്ടുമാത്രം വോട്ട് ചെയ്യാനില്ല എന്നാണ് സര്‍വേയില്‍ പങ്കെടുത്ത പകുതിപ്പേരുടെയും നിലപാട്. പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ വോട്ടാകില്ല എന്നുതന്നെ 50 ശതമാനം പേര്‍ പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കും, വോട്ടാകും എന്ന് കരുതുന്നവര്‍ 32.4 ശതമാനമാണ്. 17.2 ശതമാനം പേര്‍ വ്യക്തമായ നിലപാടെടുത്തില്ല.

ഫെബ്രുവരി 27, 28 തീയതികളിലാണ് സ്നാപ് പോളും ഇലക്ഷന്‍ ട്രാക്കര്‍ അഭിപ്രായസര്‍വേയും സംഘടിപ്പിച്ചത്. ഇലക്ഷന്‍ ട്രാക്കറില്‍ 8598 പേരും സ്നാപ് പോളില്‍ 1348 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരം ആരംഭിച്ച തുടര്‍സര്‍വേയുടെ നാലാം ഭാഗമായിരുന്നു ഇത്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളുമാണ് സര്‍വേയുടെ ഭാഗമാകുന്നത്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്‍റെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെയും വീക്‌‌ലി റേറ്റിങ്ങും മനോരമന്യൂസ് – സി വോട്ടര്‍ സര്‍വേയില്‍ എല്ലാ ആഴ്ചയും അറിയാം.

ENGLISH SUMMARY:

The Manorama News-C Voter survey reveals that a majority of Kerala voters support the government's stance on the controversial arrest of the Sabarimala Tantri, with 57% stating the arrest was not unnecessary despite criticism from the UDF and BJP. However, the survey also highlights a growing skepticism toward political branding, as 50% of respondents believe that extensive PR campaigns do not effectively translate into actual votes. While the government and individual candidates invest heavily in image-building through PR agencies, only 32.4% of participants feel these efforts influence their voting decisions. Conducted across a sample of over 8,500 people, the poll suggests that while specific executive actions may gain public approval, curated propaganda faces a tough challenge at the ballot box.