r-sugathan-03

 

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആർ.സുഗതന്റെ സത്യപ്രതിജ്ഞ നാളെ വിയ്യൂർ സെൻട്രൽ ജയിലില്‍. സുഗതന്‍റെ  ഹര്‍ജിയില് ഹൈക്കോടതിയാണ് ഉത്തരവ് നല്‍കിയത്.  നാളെ 11 മണിക്കാണ് സത്യപ്രതിജ്ഞ. കോര്‍പ്പറേഷനിലെത്തി സത്യപ്രതിജ്ഞ ചെയ്യാന്‍  തടവില്‍  ഇളവ് വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

 

ആർ.സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് വിയൂർ സെൻട്രൽ ജയിലില്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സുഗതനെ ജയിലിന് പുറത്തേക്ക് വിടുന്നതില്‍ സര്‍ക്കാര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് കോടതിയുടെ നിലപാട്. ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തില്‍ വിലക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. 

 

കാപ്പാ കേസില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷനിലെത്തി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന ആര്‍.സുഗതന്റെ അപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തത്. സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടന പ്രകാരം കരുതല്‍ തടങ്കലില്‍ ഉള്ളവരെ പുറത്തുവിടാനാവില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നിലപാടെടുത്തു. 

 

എന്നാല്‍ ജനപ്രതിനിധിയായ സുഗതന്റെ ജനാധിപത്യ അവകാശം നിഷേധിക്കാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. എല്ലാത്തിനുമുപരി ഇത് ജനാധിപത്യമാണ്. സത്യപ്രതിജ്ഞ എല്ലാവരും കാണുന്നതിന് ജയിലില്‍ അംഗീകൃത മാധ്യമങ്ങളെയും അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

 

അതേസമയം, ജയിലിലെ സത്യപ്രതിജ്ഞ ബിജെപിക്ക് അപമാനമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തലതാഴ്ത്തേണ്ട ഗതിയിലാണ് ബിജെപിയെന്നായിരുന്നു കൗണ്‍സിലര്‍ കെ.എസ്.ശബരീനാഥന്‍റെ പ്രതികരണം

 

സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. അടുത്ത കൗണ്‍സിലില്‍ സുഗതന് പങ്കെടുക്കാനാകില്ല, അങ്ങനെ വന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു

 

കോടതി നിര്‍ദേശം പാലിക്കുമെന്നും നാളെ പതിനൊന്നിന് സത്യപ്രതിജ്ഞയ്ക്കായി ജയിലില്‍ എത്തുമെന്നും തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ് അറിയിച്ചു. ഈ അഞ്ചുവര്‍ഷത്തിനിടയില്‍, തിരഞ്ഞെടുക്കപ്പെട്ട ഒരു കൗണ്‍സിലര്‍ക്കും അയോഗ്യത വരില്ലെന്നും രാജേഷ് പറഞ്ഞു.

ENGLISH SUMMARY:

The Kerala High Court has directed BJP councillor R. Sugathan to take his oath of office at Viyyur Central Prison while rejecting his plea for temporary release. The ceremony will be held inside the jail under media supervision.