യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ മന്ത്രിസഭയിൽ കടുത്ത വിമർശനം . മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നണിക്കും എതിരെ പരസ്യ വിമർശനം ഉന്നയിക്കുന്നതിലാണ് മന്ത്രിമാർ അതൃപ്‌തി രേഖപ്പെടുത്തിയത് . ഇത്തരം പ്രസ്താവനകൾ സംവിധാനത്തെയാകെ ദുർബലപ്പെടുത്തുമെന്ന അഭിപ്രായം ഉയർന്നു . മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്യുകയാണെന്നും ഒന്നിലധികം മന്ത്രിമാർ പറഞ്ഞു . ഇത്തരം പരസ്യപ്രസ്താവനകളിൽ നിന്നും വിമർശനങ്ങളിൽ നിന്നും മുതിർന്ന നേതാങ്ങൾ വിട്ടുനിൽക്കണമെന്ന നിലപാടായിരുന്നു മന്ത്രിസഭയിൽ പൊതുവെ ഉയർന്നത്.

 

ഉടക്കിട്ട് അടൂര്‍ പ്രകാശ്

 

എം.കെ. മുനീറിനും ജി.ദേവരാജ നും ക്യാബിനറ്റ് പദവി നൽകിയതുൾപ്പെടെ പല കാര്യങ്ങളും യുഡിഎഫിൽ ചർച്ച ചെയ്യാതെയാണു തീരുമാനിക്കുന്നതെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നും തുറന്നടിച്ച് അടൂർ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ നിലപാടുകളാണ് അടൂർ പ്രകാശ് പങ്കുവച്ചത്. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഇതു ദുഃഖകരമാണെന്നും അടൂർ പ്രകാശ് പറഞ്ഞു. ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ ജനങ്ങൾ ബോധ്യപ്പെടുന്ന രീതിയിൽ കാര്യങ്ങൾ പറയണമെന്നും നേരത്തെ അടൂർ പ്രകാശ് പറഞ്ഞിരുന്നു.

 

Also read: മന്ത്രിസഭയില്‍ തര്‍ക്കങ്ങളുണ്ടാകും ; 'ഇത് വിധേയരുടെ മന്ത്രിസഭയല്ല'

യുഡിഎഫ് യോഗം ചേരുന്നില്ല. ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി കാര്യങ്ങൾ അറിയിക്കാത്തതിനാലാണ് യോഗം കൂടാൻ കഴിയാത്തത്. പല കാര്യങ്ങളും ചർച്ച ചെയ്തു തീരുമാനമെടുക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും ചോദ്യമുണ്ടാകുമ്പോൾ മറുപടി പറയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അഭിപ്രായഭിന്നതയുള്ള കാര്യങ്ങൾ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യുന്നത്. യുഡിഎഫ് കൺവീനറായി ചുമതല ഏൽപിച്ചത് കേന്ദ്രനേതൃത്വമാണ്. വിഷയങ്ങൾ ഇനി മറച്ചുവച്ചിട്ടു കാര്യമില്ലെന്നു തോന്നുന്നതു കൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

 

ഒരു ചർച്ചയുമില്ലാതെയാണ് പല കാര്യങ്ങളും നടപ്പാക്കുന്നത്. എം.കെ.മുനീറിനും ജി.ദേവരാജനും ക്യാബിനറ്റ് പദവിയിൽ നിയമനം നൽകിയതിൽ യുഡിഎഫ് കൺവീനർ എന്ന നിലയിൽ എന്നോടു ചർച്ച ചെയ്തിട്ടില്ല. ഇത്തരമൊരു കാര്യം തീരുമാനിക്കാൻ പോകുന്നുവെന്നും അറിയിച്ചിട്ടില്ല. അവർ രണ്ടു പേരും അർഹതയുള്ള ആളുകളാണ്. അവരെ തള്ളി പറയുവാൻ വേണ്ടിയല്ല ഇപ്പോൾ ഇതു പറയുന്നത്. എന്നാൽ യുഡിഎഫ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്നുള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. ഇക്കാര്യത്തിൽ കൂടിയാലോചന ആവശ്യമായിരുന്നു.

 

അതൃപ്തി എഐസിസി നേതൃത്വത്തെ അറിയിക്കും. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയാണെന്ന് തെറ്റിദ്ധരിക്കരുത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായതിനെക്കുറിച്ചും അടൂർ പ്രകാശ് പ്രതികരിച്ചു. വേണ്ടതരത്തിൽ ഏകോപനം ഉണ്ടായില്ല. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള നിർദേശവും ഇല്ലാതിരുന്നിട്ടും പല ജില്ലകളിലും പ്രചാരണത്തിന് എത്തിയിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.

 

ചിറയിൻകീഴിൽ കയ്യാങ്കളി വിവാദമുണ്ടായത് പാർട്ടി പ്രവർത്തകർക്കിടയിൽ അസംതൃപ്തിക്കിടയാക്കി. വൈദ്യുതി പ്രതിസന്ധി തിരിച്ചടിയായെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. അധികാരത്തിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ബോർഡ്, കോർപറേഷൻ തലപ്പത്ത് ഇപ്പോഴും ഇടതുസർക്കാർ നിയോഗിച്ച ആളുകളാണ് ഇരിക്കുന്നത്. അതിൽ പ്രവർത്തകർക്കുള്ള അതൃപ്തിക്കൊപ്പമാണ് ഞാനും. എത്രയും പെട്ടെന്ന് യുഡിഎഫിൽനിന്നുള്ളവരെ നിയോഗിക്കാൻ നടപടിയുണ്ടാകണമെന്നും അടൂർ പ്രകാശ് പറഞ്ഞു.

 

ENGLISH SUMMARY:

Adoor Prakash news highlights the intense criticism faced by the UDF convenor in the Kerala cabinet meeting over his public remarks against the Chief Minister and the government. Ministers expressed strong dissatisfaction, stating that such statements target the leadership and weaken the political system.