17 മാസത്തെ വിചാരണക്ക് ശേഷം അരിയിൽ ഷുക്കൂർ വധക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. കേസിലെ പ്രധാന വാദപ്രതിവാദങ്ങൾ ഇതൊക്കെയാണ് :

 

പ്രഥമവിവര മൊഴിയിലെ അപാകതകൾ

 

സംഭവത്തിന് മുമ്പ് തന്നെ ഒന്നാം സാക്ഷി സക്കറിയക്ക് പരിചയമുള്ള പ്രതികളുടെ പേരുകൾ എഫ്.ഐ.എസ്സിൽ ഇല്ല എന്നതാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. കൂടാതെ, ചുള്ളിയോട് വയലിൽ വെച്ച് നടന്ന ആക്രമണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പ്രഥമ വിവരമൊഴിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു

 

എഫ്.ഐ.ആർ/എഫ്.ഐ.എസ് സംഭവത്തിന്റെ ഒരു സമ്പൂർണ്ണ വിജ്ഞാനകോശം അല്ലെന്നാണ് പ്രോസിക്യൂഷൻ വാദം. ക്രിമിനൽ നിയമനടപടികൾ ആരംഭിക്കുക എന്നതാണ് അതിന്റെ പ്രാഥമിക ലക്ഷ്യം. സംഭവത്തിന്റെ മാനസികാഘാതം കാരണം പലതും വിട്ടുപോയതാണെന്നും, താൻ പറഞ്ഞ പ്രധാന കാര്യങ്ങൾ പൊലീസ് എഴുതാൻ വിട്ടുപോയതാണെന്നും സക്കറിയ മൊഴി നൽകിയിട്ടുണ്ട്. സക്കറിയ പറഞ്ഞ പ്രധാന കാര്യങ്ങൾ തുടർന്നുള്ള മൊഴികളിൽ ഉൾപ്പെടുത്താമെന്ന് കരുതി FIS-ൽ ചേർക്കാതിരുന്നതാണെന്ന് മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൾ നാട്ടിലെ രാഷ്ട്രീയ നേതാക്കളായതിനാൽ വീണ്ടും ആക്രമിക്കുമെന്ന ഭയം കാരണമാണ് ആറാം പ്രതി ഉമേഷ്, ഇരുപത്തിനാലാം പ്രതി രാജീവൻ, ഇരുപത്തിയൊൻപതാം പ്രതി കെ.ബാബു എന്നിവരുടെ പേരുകൾ ആദ്യം പറയാതിരുന്നതെന്ന് സക്കറിയ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു

 

Also read: അരിയില്‍ ഷുക്കൂര്‍ വധക്കേസ്; വിധി ഇന്ന്

 

വൂണ്ട് സർട്ടിഫിക്കറ്റുകളിലെ വൈരുദ്ധ്യങ്ങൾ

 

കുറ്റകൃത്യത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വൂണ്ട് സർട്ടിഫിക്കറ്റുകളിൽ ഇല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. പല രേഖപ്പെടുത്തലുകളും പ്രോസിക്യൂഷൻ കേസിന് വിരുദ്ധമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നു

 

പരുക്കേറ്റ ദൃക്‌സാക്ഷിയുടെ മൊഴിയും മെഡിക്കൽ തെളിവുകളും പൊരുത്തപ്പെടുന്നുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പരുക്കേറ്റ ദൃക്‌സാക്ഷിയുടെ (സക്കറിയ) മൊഴിക്ക് ഉയർന്ന തെളിവുമൂല്യമാണുള്ളത്. സക്കറിയക്ക് ഏറ്റ പരിക്കുകൾ ഡോക്ടറുടെ വൂണ്ട് സർട്ടിഫിക്കറ്റുമായും രണ്ടാം സാക്ഷിക്ക് ഏറ്റ പരുക്കുകൾ വൂണ്ട് സർട്ടിഫിക്കറ്റുമായും പൊരുത്തപ്പെടുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച രക്തക്കറയിൽ 'O' ഗ്രൂപ്പ് രക്തം കണ്ടെത്തിയതും സക്കറിയ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. കൊല്ലപ്പെട്ട ഷുക്കൂറിന്റെ രക്തഗ്രൂപ്പ് 'B' ആണ് ഡോക്ടറുടെ പ്രാഥമിക കടമ ചികിത്സിക്കലാണെന്നും വൂണ്ട് സർട്ടിഫിക്കറ്റിൽ പ്രതികളുടെ പേരില്ലാത്തത് സാക്ഷിമൊഴിയുടെ വിശ്വാസ്യതയെ ബാധിക്കില്ലെന്നും പ്രോസികൂഷൻ വാദിക്കുന്നു.

 

 

പ്രതികളെ തിരിച്ചറിഞ്ഞതിലെ സംശയങ്ങൾ

 

ഇത്രയും വർഷങ്ങൾക്ക് ശേഷം ഒന്നും, രണ്ടും സാക്ഷികൾക്ക്  പ്രതികളെ എങ്ങനെ തിരിച്ചറിയാൻ കഴിഞ്ഞു എന്നതാണ് പ്രതിഭാഗത്തിന്റെ മറ്റൊരു പ്രധാന വാദം. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രതികളുടെ ഫോട്ടോകൾ കണ്ടതിന് ശേഷമാണ് സാക്ഷികൾ കോടതിയിൽ വെച്ച് അവരെ തിരിച്ചറിഞ്ഞതെന്ന് പ്രതിഭാഗം വാദിക്കുന്നു.

 

കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ വെച്ച് നടത്തിയ തിരിച്ചറിയൽ പരേഡിലും, കോടതിയിലും  ഒന്നും രണ്ടും സാക്ഷികൾ പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. സ്വന്തം സുഹൃത്തിന്റെ കൊലപാതകവും, തന്റെ ജീവന് ഭീഷണിയായ ആക്രമണവും പോലുള്ള അനുഭവങ്ങൾ സാക്ഷികളുടെ ഓർമ്മയിൽ ദീർഘകാലം മായാതെ നിൽക്കുമെന്നാണ് സുപ്രീം കോടതി വിധി ഉദ്ധരിച്ച് പ്രോസിക്യൂഷൻ വാദിച്ചു

 

അന്വേഷണ രീതിയിലെ പിഴവുകളും, മൊഴി രേഖപ്പെടുത്തലും

 

പ്രധാന സാക്ഷികളുടെ മൊഴികൾ കൃത്യസമയത്ത് രേഖപ്പെടുത്തിയില്ല എന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. റിമാൻഡ് അപേക്ഷകളിൽ പ്രതികളുടെ പങ്ക് വിശദമാക്കിയിട്ടില്ല. വിവിധ രേഖകളിൽ തിരുത്തലുകൾ ഉണ്ടെന്നും പ്രതിഭാഗം ആരോപിക്കുന്നു.  പ്രധാന ദൃക്‌സാക്ഷിയെ വിസ്തരിക്കാത്തത് പ്രോസിക്യൂഷൻ നിർണ്ണായക തെളിവുകൾ മറച്ചുവെക്കുന്നതിനാണ് എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു

 

എല്ലാ സാക്ഷികളെയും വിസ്തരിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷൻ വാദം.  വിശ്വാസയോഗ്യമായ ഏക ദൃക്‌സാക്ഷിയുടെ മൊഴി തന്നെ ശിക്ഷിക്കാൻ മതിയാകും. നാട്ടുകാർ ഭയം കാരണമാണ് മഹസ്സറിൽ ഒപ്പിടാനും സാക്ഷികളാകാനും തയ്യാറാകാതിരുന്നത്. റിമാൻഡ് അപേക്ഷയിൽ എല്ലാ തെളിവുകളും ചേർക്കേണ്ടതില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ ചെറിയ വീഴ്ചകൾ പ്രതികളെ വെറുതെ വിടാനുള്ള കാരണമാകില്ലെന്നും വാദിഭാഗം വാദിക്കുന്നു.

 

 

പ്രോസിക്യൂഷന്റെ മറ്റ് പ്രധാന വാദങ്ങൾ :

 

കുറ്റസമ്മത മൊഴിയും ആയുധങ്ങൾ കണ്ടെടുത്തതും– ഒന്നാം പ്രതി സുമേഷിന്റെ മൊഴിപ്രകാരം പതിനാറാം പ്രതി സജിത്തിനെ അറസ്റ്റ് ചെയ്യുകയും, സജിത്തിന്റെ മൊഴിപ്രകാരം മോട്ടോർ സൈക്കിളിന്റെ ടൂൾ ബോക്സിൽ ഒളിപ്പിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതി ഗണേശന്റെ മൊഴിപ്രകാരം കണ്ടെടുത്ത കത്തിയിൽ രക്തക്കറ കണ്ടെത്തിയത്  പ്രതിക്കെതിരെയുള്ള ശക്തമായ തെളിവാണ്. അതിന് വിശദീകരണം നൽകാൻ പ്രതിക്ക് ബാധ്യതയുണ്ട്.  മൂന്നാം പ്രതി അനൂപിന്റെ  മൊഴിപ്രകാരം കത്തിയും, 2, 3 പ്രതികൾ ഉപയോഗിച്ച ബൈക്കുകളും പിടിച്ചെടുത്തു.

 

 

നിയമവിരുദ്ധമായി സംഘം ചേരലും പൊതുവായ ഉദ്ദേശ്യവും

 

വള്ളുവൻ കടവിൽ വെച്ച് പിന്തുടർന്നത് മുതൽ, മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ തടഞ്ഞുവെച്ചതും, ചുള്ളിയോട് വയലിലേക്ക് ബലമായി കൊണ്ടുപോയി ഷുക്കൂറിനെ കൊലപ്പെടുത്തിയതും എല്ലാ പ്രതികളും ചേർന്ന് പൊതുവായ ഉദ്ദേശ്യത്തോടെ നടത്തിയതാണ്. അതിനാൽ ഓരോ പ്രതിയുടെയും പ്രത്യേകമായ ആക്രമണം തെളിയിക്കേണ്ടതില്ല. നിയമവിരുദ്ധ സംഘത്തിലെ അംഗത്വം തന്നെ ഐപിസി 149 പ്രകാരം ശിക്ഷിക്കപ്പെടാൻ മതിയാകും

ENGLISH SUMMARY:

Ariyil Shukoor murder case verdict details the key legal arguments, wound certificate contradictions, and prosecution evidence presented before the Kochi CBI special court after 17 months of trial. This comprehensive analysis covers the defense claims and prosecution counter-arguments regarding the sensational political murder trial in Kerala.