കിഫ്ബി ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഭൂമി വാങ്ങിക്കൂട്ടിയത് അന്വേഷിക്കും. കണ്ണൂര്‍ ജില്ലയിൽ വിവിധ പദ്ധതികൾക്കായി കിഫ്ബി ഭൂമി ഏറ്റെടുത്തത് തലങ്ങുംവിലങ്ങുമാണ്. വ്യവസായ പാർക്കുകൾ, എജ്യുക്കേഷൻ ഹബ്, റോഡ്, ആശുപത്രി തുടങ്ങി ഒട്ടേറെ പദ്ധതികൾ ലക്ഷ്യമിട്ടായിരുന്നു ഭൂമി ഏറ്റെടുത്തത്. വ്യവസായ പാർക്ക്, പിണറായിയിൽ നിർമിക്കുന്ന വിദ്യാഭ്യാസ ഹബ്, കണ്ണൂർ വിമാനത്താവളത്തിനായി മട്ടന്നൂർ എന്നിവിടങ്ങളിലാണു കിഫ്ബി ധനസഹായത്തോടെ കിൻഫ്ര ജില്ലയിൽ പ്രധാനമായും സ്ഥലം ഏറ്റെടുത്തത്.
വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമി കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിനു കൈമാറിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും ഭൂമി ഏറ്റെടുക്കൽ ആവശ്യങ്ങൾക്കുമായി പിണറായി സർക്കാർ 526.63 കോടിയാണു കിഫ്ബിക്കു ധനസഹായം നൽകിയിട്ടുള്ളത്.
വിമാനത്താവളത്തിന്റെ റൺവേ 3.050 മീറ്ററിൽനിന്നു 4000 മീറ്ററായി നീട്ടുന്നതിനുള്ള 99.92 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ ഇതുവരെ പൂർത്തിയായിട്ടില്ല. 2017ൽ വിജ്ഞാപനം ഇറക്കിയിട്ടും നടപടി അപൂർണമായി തുടരുകയാണ്. കൂടാതെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷൽ തഹസിൽദാർ ഓഫിസ് പ്രവർത്തനം അവസാനിപ്പിച്ചതു നഷ്ടപരിഹാരം കാത്തിരിക്കുന്ന ഭൂവുടമകളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പിണറായി എജ്യുക്കേഷൻ ഹബ്ബിനായി പിണറായി വില്ലേജിൽ 12.93 ഏക്കറാണ് ഏറ്റെടുത്തത്. 285 കോടിയാണു പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. 50 കോടിക്ക് റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കൈമാറുകയായിരുന്നു. വാഗ്ഭടാനന്ദ സാംസ്കാരിക സമുച്ചയത്തിനായി കിഫ്ബി 5.86 കോടി വിതരണം ചെയ്തിട്ടുണ്ട്.
Also read: KIIFB ഭൂമി ഏറ്റെടുക്കൽ; 8 വർഷമായിട്ടും നഷ്ടപരിഹാരമില്ല
മട്ടന്നൂരിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചു വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനു കിൻഫ്ര ഏറ്റെടുത്ത സ്ഥലങ്ങൾക്കു ക്രമവിരുദ്ധമായി ഭൂരേഖകൾ തയാറാക്കിയതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തും. പട്ടാന്നൂർ, കീഴല്ലൂർ, കോളാരി വില്ലേജുകളിലെ 672 പേരിൽനിന്നായി 500 ഏക്കറാണ് കിൻഫ്ര ഏറ്റെടുത്തത്. ഭൂമി നൽകി നഷ്ടപരിഹാരം കൈപ്പറ്റാൻ 14 ഇനം രേഖകൾ വേണം. ഇതിൽ 260 പേരുടെ കൈവശം ഭൂമിയുടെ എല്ലാ രേഖകളും ഉണ്ടായിരുന്നില്ല. ഇവരിൽനിന്നു റവന്യു ഉദ്യോഗസ്ഥർ ക്രമവിരുദ്ധമായി നികുതി സ്വീകരിച്ചു കൈവശ സർട്ടിഫിക്കറ്റ് നൽകിയെന്നാണു പരാതി. വിജിലൻസ് കേസെടുത്തതോടെ ഇവർക്കുള്ള നഷ്ടപരിഹാരത്തുകയായ 82 കോടി രൂപ കിൻഫ്ര കോടതിയിൽ കെട്ടിവച്ചു. ഏതാനുംപേർ പിന്നീട് മുഴുവൻ രേഖകളും ഹാജരാക്കി പണം കൈപ്പറ്റി.
ഭൂമിയേറ്റെടുക്കലിനായി മട്ടന്നൂരിൽ പ്രവർത്തിച്ചുവന്ന സ്പെഷൽ തഹസിൽദാരുടെ ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. നിയമപരമായ രേഖകൾ ഹാജരാക്കാതെ നികുതി സ്വീകരിച്ചു കൈവശ സർട്ടിഫിക്കറ്റ് നൽകിയെന്നും ഈ ഭൂമിക്കു വൻതുക നഷ്ടപരിഹാരം അനുവദിച്ചതുവഴി സർക്കാരിനു നഷ്ടമുണ്ടായെന്നുമാണ് ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് നൽകിയ പരാതി.
വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. തുടർന്ന് മനോജ് ഹൈക്കോടതിയെ സമീപിച്ചു. പരാതി അന്വേഷിക്കാൻ വിജിലൻസിനോട് ഹൈക്കോടതി നിർദേശിച്ചതോടെയാണ് കേസ് റജിസ്റ്റർ ചെയ്തത്. സ്പെഷൽ തഹസിൽദാറായിരുന്ന വി.ഇ.ഷേർളി, സ്പെഷൽ റവന്യു ഇൻസ്പെക്ടർ കെ.ഷാജി, വാല്വേഷൻ അസിസ്റ്റന്റ് പി.പ്രദീപ്കുമാർ, പട്ടാന്നൂർ വില്ലേജ് ഓഫിസർ പി.പി.സക്കീർ എന്നിവർക്കെതിരെയാണ് കേസ്.