കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) മൂന്നു ശതമാനം കൂട്ടി. ദീപാവലി സമ്മാനമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയാണ് അംഗീകാരം നൽകിയത്. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായിരുന്ന ക്ഷാമബത്ത 63 ശതമാനമായി ഉയരും. ദീപാവലിക്ക് ഒരാഴ്ചയിലധികം മുൻപാണ് വർധന പ്രഖ്യാപിച്ചത്. ഈ വർഷം ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയായിരിക്കും വർധന നടപ്പാക്കുക. ഏകദേശം 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഏഴാം ശമ്പള കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ അംഗീകരിച്ച ഫോർമുല അനുസരിച്ചാണ് വർധന.

 

ജീവനക്കാരുടെയും പെൻഷൻകാരുടെയും ജീവിതച്ചെലവിലുണ്ടാകുന്ന വർധന നേരിടാൻ സഹായിക്കുന്ന അടിസ്ഥാന ആനുകൂല്യമാണ് ക്ഷാമബത്ത. പണപ്പെരുപ്പം മൂലം സ്ഥിരവരുമാനത്തിന്റെ വാങ്ങൽശേഷി കുറയുന്നത് പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമായാണ് ക്ഷാമബത്ത കണക്കാക്കുന്നത്. പണപ്പെരുപ്പ സൂചികകളുടെ അടിസ്ഥാനത്തിൽ നിശ്ചിത ഇടവേളകളിൽ നിരക്ക് പരിഷ്കരിക്കും.

 

Also read: സമ്പത്ത് സൃഷ്ടിക്കുന്ന ചില നിക്ഷേപ മാര്‍ഗങ്ങള്‍ അറിയാം

പണപ്പെരുപ്പവുമായി ബന്ധിപ്പിച്ചിട്ടുള്ള ക്ഷാമബത്ത സാധാരണയായി വർഷത്തിൽ രണ്ടുതവണയാണ് പരിഷ്കരിക്കുന്നത്. ജനുവരി, ജൂലൈ മാസങ്ങളിലാണ് സാധാരണയായി വർധന പ്രഖ്യാപിക്കുക. തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള ലേബർ ബ്യൂറോ പ്രതിമാസം പുറത്തുവിടുന്ന വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (CPI-IW) അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുന്നത്.

 

കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്ഷാമബത്തയിൽ ഉണ്ടായ വർധന ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന അടുത്തിടെ കത്ത് നൽകിയിരുന്നു. കത്തിൽ പറയുന്നതനുസരിച്ച്, 2023 ജൂലൈയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 46 ശതമാനമായിരുന്നു. 2024 ജനുവരിയിൽ ഇത് 50 ശതമാനമായും അതേ വർഷം ജൂലൈയിൽ 53 ശതമാനമായും ഉയർന്നു. 2025 ജനുവരിയിൽ 55 ശതമാനവും അതേ വർഷം ജൂലൈയിൽ 58 ശതമാനവുമായി. 2026 ജനുവരിയിൽ നിരക്ക് 60 ശതമാനത്തിലെത്തി. 2023 ജൂലൈ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ 14 ശതമാന പോയിന്റിന്റെ വർധനയാണ് ഉണ്ടായത്.

 

നിലവിൽ ഏഴാം ശമ്പള കമ്മിഷന്റെ ശുപാർശകളാണ് പ്രാബല്യത്തിലുള്ളത്. ഇതിന്റെ ചട്ടങ്ങൾ പ്രകാരം, 2026 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ക്ഷാമബത്ത നിരക്ക് കണക്കാക്കുന്നത് 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള 12 മാസത്തെ അഖിലേന്ത്യാ വ്യാവസായിക തൊഴിലാളി ഉപഭോക്തൃ വില സൂചികയുടെ (AICPI-IW) ശരാശരി അടിസ്ഥാനമാക്കിയാണ്.

 

ക്ഷാമബത്ത വർധന 2026 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസത്തെ ശമ്പളത്തിലും പെൻഷനിലും വർധന ലഭിക്കും. ജൂലൈ മുതലുള്ള കുടിശ്ശികയും (അരിയർ) ഉൾപ്പെടുന്നതിനാൽ ഈ മാസത്തെ ആകെ ലഭിക്കുന്ന തുക ഉയരും.

ENGLISH SUMMARY:

Central government DA hike increases the dearness allowance by three percent for employees and pensioners as a special Diwali gift. This major revision raises the base salary percentage and benefits millions of central workers across the country.