പത്തനംതിട്ടയില്‍ മൂന്നിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അടൂര്‍ പഴകുളത്ത് കാറിലെത്തിയ സ്ത്രീയും പുരുഷനുമാണ് 9 വയസുള്ള പെണ്‍കുട്ടികളെ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇതേ സംഘം കൊടുമണ്‍ അങ്ങാടിക്കലില്‍ അഞ്ചാംക്ലാസുകാരനെ കാറില്‍ കയറ്റാനും ശ്രമിച്ചു. അടൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. പന്തളത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച തമിഴ്നാട്ടുകാരന്‍ അറസ്റ്റിലായി. 

പഴകുളത്ത് കെ.ഐ.ബി കനാൽ റോഡിലൂടെ മദ്രസ പഠനം കഴിഞ്ഞ് വരികയായിരുന്ന ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികളെയാണ് കാറിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വെളള നിറത്തിലുള്ള കാറിലെത്തിയ സംഘം ഡോർ തുറന്ന് കുട്ടികളെ വാഹനത്തിലേക്ക് നിർബന്ധിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. 

തങ്ങളുടെ മാതാപിതാക്കളെ അറിയാമെന്നും വീട്ടിൽ കൊണ്ടാക്കാമെന്നും പറഞ്ഞായിരുന്നു ഇവർ കുട്ടികളെ പ്രലോഭിപ്പിച്ചത്. കുട്ടികൾ ഭയന്ന് വിസമ്മതിച്ചതിനെ തുടർന്ന് സംഘം വീണ്ടും നിർബന്ധിച്ചു. എന്നാൽ, തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഇത് കണ്ട് ബഹളം വെച്ചതോടെ സംഘം കാറുമായി വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. ഇതേ സംഘം തന്നെയാണ് കൊടുമൺ അങ്ങാടിക്കലിൽ സ്കൂളിൽ പോകാൻ നിൽക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരനെയും സമാന രീതിയിൽ കാറിൽ കയറ്റാൻ ശ്രമിച്ചത്. കുട്ടി വാഹത്തിൽ കയറിയില്ല.

സംഭവത്തിന് പിന്നാലെ പ്രദേശവാസികളും രക്ഷിതാക്കളും വലിയ ഭീതിയിലാണ്. കുട്ടികളുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളതായും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Pathanamthitta child kidnapping attempt news reports multiple incidents where a man and woman in a car tried to abduct children in Adoor and Kodumon. The local police have launched an intensive investigation using CCTV footage to apprehend the suspects and ensure public safety.