ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ അഡീ. ജഡ്ജിക്കെതിരെ ഉടന്‍ നടപടിയെടുക്കേണ്ടെന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി മതിയെന്നാണ് തീരുമാനം. സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു ഹൈക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് റജിസ്ട്രാറെ കണ്ടിരുന്നു. പൊലീസ് ക്ലബില്‍ ജഡ്ജിയെ ക്രൈംബ്രാഞ്ച് രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്തു. നാളേയും തുടരും.
അതേസമയം, പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉള്‍പ്പെടെ അറിയണമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ആവശ്യമുന്നയിച്ചത്. ജയബാലകൃഷ്ണന്റെ കുടുംബത്തെ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു . പ്രതി സ്ഥിരമായി അമിതവേഗത്തില്‍ ഡ്രൈവ് ചെയ്യുന്നയാളാണെന്ന് കുടുംബം ആരോപിച്ചു. ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയ കോടതി പ്രതിയുടെ കുടുംബത്തിന് നോട്ടിസ് അയച്ചു.
Also read: 17കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും ഓടിച്ചിരുന്നതായി മൊഴി; ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന്
ഇതിനിടെ കേസിന്‍റെ അന്വേഷണ വീഴ്ചയില്‍ കൊച്ചി കമ്മീഷണറുടെ കസേര തെറിച്ചു. കാളിരാജ് മഹേഷ് കുമാറിനെ പകരം പദവി നല്‍കാതെയാണ് സ്ഥലം മാറ്റിയത്. പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയതും ജഡ്ജിക്കെതിരെ കേസെടുക്കാന്‍ വൈകിയതിലും കമ്മീഷണറുടെ മേല്‍നോട്ടക്കുറവുണ്ടായെന്നാണ് ആഭ്യന്തരവകുപ്പിന്‍റെ കണ്ടെത്തല്‍.
ഒരാളുടെ ജീവനെടുത്ത അപകടം നടന്ന് മൂന്നാം പകലാണ് പ്രധാന തെളിവായ സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കുമെന്ന് ലാഘവബുദ്ധിയോടെ കമ്മീഷണര്‍ പറയുന്നത്. ഇന്നലെ നടത്തിയ ഈ പ്രതികരണത്തില്‍ തന്നെ വീഴ്ചകള്‍ വ്യക്തം. അങ്ങനൊരാള്‍ കൊച്ചി പോലൊരു സ്ഥലത്ത് കമ്മീഷണര്‍ കസേരയില്‍ വേണ്ടെന്ന് ആഭ്യന്തരമന്ത്രി തീരുമാനിച്ചു. പകരം നിയമനമില്ലാതെ തന്നെ സ്ഥലംമാറ്റി ചേരാനല്ലൂരിലെ വീഴ്ചയില്‍ പൊലീസ് തലപ്പത്തേക്കും നടപടി നീട്ടി. ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയതാണ് കമ്മീഷണറുടെ ഒന്നാം വീഴ്ചയായി കണക്കാക്കുന്നത്. കൂടുതല്‍ വകുപ്പുകളിട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കാത്തത് ഗുരുതര മേല്‍നോട്ട വീഴ്ചയാണ്.
ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചിട്ടും ജഡ്ജിക്കെതിരെ കേസെടുക്കാനും വീട് പരിശോധിക്കാനും വൈകിയത് രണ്ടാമത്തെ വീഴ്ചയായി കാണുന്നു. നെടുമ്പാശേരിയില്‍ സമാന അപകടമുണ്ടായി വലിയ ചര്‍ച്ചയായിട്ടും ചേരാനല്ലൂര്‍ കേസില്‍ തുടക്കം മുതലെ ജാഗ്രത പുലര്‍ത്താത്ത സമീപനമാണ് വിമര്‍ശനങ്ങള്‍ക്കെല്ലാം കാരണമെന്നും വിലയിരുത്തിയാണ് സ്ഥലംമാറ്റത്തിന് ആഭ്യന്തരമന്ത്രി തീരുമാനിച്ചത്.
ദക്ഷിണമേഖല ഐജിയായ ആര്‍.നിശാന്തിനി കൊച്ചി കമ്മീഷണറാകുമ്പോള്‍ പി.പ്രകാശ് ദക്ഷിമേഖല ഐ.ജിയാവും. ഇന്നലെ സി.ഐ ഉള്‍പ്പടെ നാല് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കമ്മീഷണര്‍ക്ക് സ്ഥലംമാറ്റവും കീഴുദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷനുമെന്നതില്‍ പൊലീസില്‍ അതൃപ്തിയുണ്ട്. കമ്മീഷണറേയും ഡി.സി.പിയേയും അറിയിച്ചാണ് എല്ലാ നടപടിയുമെന്നാണ് ഇവര്‍ വാദിക്കുന്നത്.