ഫോം സിക്സ് അടക്കം വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ഫോമുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മാറ്റം വരുത്താനാവില്ലെന്ന് സുപ്രീം കോടതി. ഫോമുകളിലെ മാറ്റം തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഡൽഹിയിൽ എസ്‌ഐആറില്‍ 43 ലക്ഷം വോട്ടര്‍മാർ പുറത്തായത് പരിഹരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
ഡൽഹിയിൽ വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണത്തിൽ അപാകതകൾ ആരോപിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. 6, 7, 8 ഫോമുകളിൽ മാറ്റം വരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ല. ഈ ഫോമുകൾ മാറ്റമില്ലാതെ തുടരുന്നതാണ്. ഫോമുകളിലെ മാറ്റം തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
Also read: ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിന് വിലക്ക്; തടയാനാകില്ലെന്ന് കെ.സി
പേര്, പ്രായം,വിലാസം, ഉൾപ്പെടെ രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും സുപ്രീംകോടതി
വ്യക്തമാക്കി. വോട്ടറുടെ അവകാശം എന്നന്നേക്കുമായി നഷ്ടപ്പെടുത്താനാവില്ല. ഡൽഹിയിലെ 43 ലക്ഷം വോട്ടർമാർ എവിടെപ്പോയി എന്ന് കമ്മിഷന്‍ അന്വേഷിച്ച് കണ്ടെത്തണം. വോട്ടവകാശമുണ്ടെന്ന് പൗരന്മാരോട് കമ്മിഷന്‍ ബോധ്യപ്പെടുത്തണം.
അപേക്ഷിക്കേണ്ട ബാധ്യത അവരിലേക്ക് അടിച്ചേല്‍പ്പിക്കരുത്. ഡൽഹിയിലെ എസ്സഐ ആറിൽ സമയക്രമം നോക്കി മുന്നോട്ടുപോകരുതെന്നും സുപ്രീം കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം ബാക്കി എന്നാണ് കമ്മിഷന്റെ വാര്‍ത്താക്കുറിപ്പ്. ഇതിന് ഭീഷണിയുടെ സ്വരമുണ്ടെന്നും കോടതി വിമർശിച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.