ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിന് വിലക്ക്. അശോക ഹോട്ടലിലും പിന്നീട് രാംലീലയിലും നടത്താന്‍ നിശ്ചയിച്ച പരസ്യവിചാരണക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. നവംബര്‍ ഒന്നിലെ മഹാറാലിക്കും അനുമതി നിഷേധിച്ചേക്കും. പരിപാടികള്‍ തടഞ്ഞാല്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തമന്ത്രിയുടെയും വസതികള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത് പരിഗണനയില്‍ ഉണ്ട്. വോട്ട് കൊള്ള രാജ്യദ്രോഹം എന്ന് രാഹുല്‍ ഗാന്ധി ത്രിലോക്പുരിയില്‍ നടന്ന ജന്‍ സുൻവായ് പരിപാടിയില്‍ ആരോപിച്ചു. സിപിഐ ഐടിഒയില്‍ മനുഷ്യ ചങ്ങല തീര്‍ത്തു.
Also read: പ്രതിഷേധത്തില്‍ 10,000 കോടി രൂപയുടെ നഷ്ടം! മഹാറാലി മാറ്റുമോ?
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായി വെള്ളിയാഴ്ച പ്രതികാത്മക പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്ന് കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനാണ് ഇന്ത്യ സഖ്യം തീരുമാനിച്ചിരുന്നത്. അശോക ഹോട്ടലിലും പിന്നീട് രാം ലീലയിലും പരിപാടിക്കായി അനുമതി തേടിയെങ്കിലും പൊലീസ് നല്‍കിയില്ല.
ഇങ്ങനെയാണെങ്കില്‍ നവംബര്‍ ഒന്നിലെ മഹാറാലിക്കും അനുമതി നിഷേധിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പരസ്യവിചാരണ വെള്ളിയാഴ്ച തന്നെ നടക്കുമെന്നും തങ്ങളെ തടയാന്‍ ആകില്ലെന്നും രാംലീലയില്‍ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വോട്ട് അടക്കം പാവപ്പെട്ടവരുടെ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെടുകയാണെന്നും അനീതിക്കെതിരെ ഒരുമിച്ച് ശബ്ദമുയര്‍ത്താമെന്നും ത്രിലോക്പുരിയിലെ ജനങ്ങളെ കേട്ട രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടവകാശം ജീവിക്കാനുള്ള അവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന പരിപാടിയിൽ പൗരാവകാശ പ്രവര്‍ത്തകരും ഇന്ത്യ നേതാക്കളും പങ്കെടുത്തു.
മോദി ഷാ കൂട്ടുകെട്ട് ഗ്യാനേഷിനെ സംരക്ഷിക്കാന്‍ നടത്തുന്ന പ്രചാരണവും തന്ത്രങ്ങളും ജനാധിപത്യത്തിന് കളങ്കമെന്ന് എന്ന് മല്ലികാർജുൻ ഖർഗെ വിമര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ഐടിഒയിലേക്ക് പ്രകടനമായി എത്തിയാണ് സിപിഐ മനുഷ്യചങ്ങല തീര്‍ത്തത്.
ഇതിനിടെ ദില്ലി ചലോ മാര്‍ച്ചിന്റെ തിയതിയും വേദിയും മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വ്യാപാരികള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ഗതാഗതക്കുരുക്ക് കച്ചവടത്തെ ബാധിക്കുമെന്നും വേദി ബുരാരി ഗ്രൗണ്ടിലേക്കോ നെഹ്റു സ്റ്റേഡിയത്തിലേക്കോ മാറ്റണമെന്നുമാണ് ആവശ്യം.