പ്രതീകാത്മക ചിത്രം
കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ കളഞ്ഞുകിട്ടിയ നിലയില്‍ ഏല്‍പ്പിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത് പൊലീസുകാരന്‍ തന്നെ. സ്റ്റേഷനിലെ സിപിഒ ബൈജുവാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. ബൈജുവിനെതിരെ ഇതേ സ്റ്റേഷനില്‍ മോഷണക്കുറ്റത്തിന് കേസുമെടുത്തു. താനാണ് മോഷ്ടിച്ചതെന്ന് ബൈജു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. Also Read: ആറ് മാസംകൊണ്ട് 23 വധശിക്ഷ; ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലമാറ്റം
സംഭവം ഇങ്ങനെ: ഈ മാസം എട്ടിന് ചന്തേര സ്റ്റേഷനിലേക്ക് ഒരു അതിഥിത്തൊഴിലാളി കളഞ്ഞുകിട്ടിയതാണെന്ന് പറഞ്ഞ് പതിനായിരം രൂപ വില വരുന്ന റെഡ്‍മി മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നു. ജി.ഡി ചാര്‍ജിലുണ്ടായിരുന്ന എസ്ഐയ്ക്കാണ് ഫോണ്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് പാറാവ് ബുക്കില്‍ രേഖപ്പെടുത്തിയ ഫോണ്‍ കാണാതായെന്ന് വൈകിയാണ് മനസിലായത്. പതിനാറാം തിയതിയാണ് സ്റ്റേഷനിലെ പൊലീസുകാര്‍ ഫോണ്‍ കാണാതായെന്ന് അറിയുന്നത്. ഫോണിന്‍റെ യഥാര്‍ഥ ഉടമ പയ്യന്നൂര്‍ സ്വദേശിനി സുഭദ്രയായിരുന്നു. ഇവരെ പൊലീസ് ബന്ധപ്പെടുകയും ഇവരുടെ മകന്‍ ഫോണ്‍ കൈപ്പറ്റാന്‍ സ്റ്റേഷനില്‍ എത്തുകയും ചെയ്തപ്പോഴാണ് ഫോണ്‍ കാണാനില്ലെന്ന് മനസിലായത്.
സുഭദ്രയുടെ മകനെ ഫോണ്‍ കിട്ടിയാല്‍ അറിയിക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരോടും ഫോണ്‍ കിട്ടിയാല്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഫോണിന്‍റെ IMEI നമ്പര്‍ പരിശോധിച്ചപ്പോള്‍ സുഭദ്രയുടേതല്ലാത്ത സിം കാര്‍ഡില്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ബദിയടുക്ക നീര്‍ച്ചാല്‍ ഭാഗത്താണ് ഫോണുള്ളതെന്ന് മനസിലായി. മൊബൈലില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഫോണ്‍ തനിക്ക് വിറ്റതാണെന്ന് ഈ വ്യക്തി പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഫോണ്‍ സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബൈജു എന്ന പൊലീസുകാരനാണ് ഫോണ്‍ തനിക്ക് വിറ്റതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ആ പൊലീസുകാരന്‍ ചന്തേര സ്റ്റേഷനിലെ തന്നെ സിപിഒ ബൈജുവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായി. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ സിപിഒ ബൈജു 12–ാം തിയതി പാറാവ് ഡ്യൂട്ടി ചെയ്യുന്നതിനിടെ മേശ വലിപ്പ് തുറന്ന് ഫോണ്‍ എടുക്കുന്നത് കണ്ടു. സിം ഊരിയെടുത്ത് പൊട്ടിക്കുന്നതും എറിയുന്നതും വ്യക്തമായി. എറിഞ്ഞതായി കാണുന്ന സ്ഥലം പിന്നീട് പരിശോധിച്ചപ്പോള്‍ സിം കാര്‍ഡിന്‍റെ കഷ്ണങ്ങള്‍ കിട്ടുകയും ചെയ്തു. കളവ് വ്യക്തമായതോടെ ബൈജുവിനെതിരെ കേസെടുക്കുകയായിരുന്നു.