bus-owners-palakkad
  • നവംബർ 3 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സര്‍വീസ് നിര്‍ത്തിവയ്ക്കും. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നവംബർ 3 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം ആരംഭിക്കും. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന്റെ കാര്യം ഈ മാസം 16ന് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ബസുടമകൾ അറിയിച്ചു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. Also Read: ചേരാനല്ലൂരിൽ പൊലീസിന് തെറ്റുപറ്റി; മുൻ ആഭ്യന്തരമന്ത്രി ഒരിക്കലും തെറ്റ് ഏറ്റുപറഞ്ഞിട്ടില്ല: ചെന്നിത്തല

അതേസമയം, സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയെത്തുടർന്ന് ഉപജീവനമാർഗം പ്രതിസന്ധിയിലായെന്നാരോപിച്ച് സ്വകാര്യ ബസ് ഉടമകളുടെ മറ്റൊരു വിഭാഗം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും കുറഞ്ഞതായും പല സർവീസുകളും നിർത്തേണ്ടിവന്നതായും ബസുടമകൾ ആരോപിക്കുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെന്നും അവർ പറയുന്നു.

ഈ മേഖലയെ ആശ്രയിച്ച് ഏകദേശം 60,000 കുടുംബങ്ങൾ കഴിയുന്നുണ്ടെന്നും അവരുടെ ഉപജീവനമാർഗം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു. നിലവിൽ സർവീസുകൾ നിർത്തിവച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ശരണ്യ മനോജ് വ്യക്തമാക്കി. സമാധാനപരമായി സമരം തുടരാനാണ് തീരുമാനമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും അവർ പറഞ്ഞു. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലേക്കും സമരം വ്യാപിപ്പിച്ച് കൂടുതൽ പേരെ പങ്കെടുപ്പിക്കാനാണ് ബസുടമകളുടെ നീക്കം. 

ENGLISH SUMMARY:

Private bus operators in Kerala have announced an indefinite strike beginning November 3, citing the government's failure to address their demands. A separate group of operators is staging an indefinite hunger strike outside the Secretariat, claiming that the Priyadarshini free-travel scheme for women has reduced passenger numbers and revenue. The operators are also demanding an increase in student concession fares. Federation president K.K. Thomas said approximately 60,000 families depend on the sector for their livelihood. The protesting operators say they currently intend to continue their agitation peacefully without disrupting bus services, but may expand the protests to district headquarters if the government does not intervene.