judge-son-cctv
  • ചേരാനല്ലൂര്‍ വാഹനാപകടത്തിലെ നിര്‍ണായക ദൃശ്യം പുറത്ത്. പതിനേഴുകാരന്‍ കാറുമായി വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്.

ചേരാനല്ലൂർ വാഹനാപകടക്കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട ആഡംബര കാരുമായി 17കാരൻ ഫ്ലാറ്റിൽനിന്ന് പുറത്തേക്ക് ഓടിച്ചുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുലർച്ചെ 1.36ന് കനത്ത മഴയ്ക്കിടെയാണ് കാർ പുറത്തേക്ക് പോകുന്നത്. ഇതിന് ഏകദേശം അരമണിക്കൂറിന് ശേഷമാണ് ജയബാലകൃഷ്ണനെ കാർ ഇടിച്ചുണ്ടായ അപകടം. Also Read: '30 വർഷത്തിനു ശേഷമേ തിരികെ വരൂ'; കൊല്ലത്ത് നിന്നും കാണാതായ 12 കാരന്‍ ഗോവയില്‍

അപകടസമയത്ത് മഴയായിരുന്നതിനാൽ കാഴ്ച വ്യക്തമായിരുന്നില്ലെന്നാണ് 17കാരൻ മൊഴി നൽകിയതായുള്ള വിവരം. എന്നാൽ, കാർ ഫ്ലാറ്റിൽനിന്ന് പുറത്തേക്ക് പോകുമ്പോഴും കനത്ത മഴയുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിൽ കാർ മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതായി കാണിച്ചിരുന്നു. പുതിയ ദൃശ്യങ്ങളും മറ്റ് തെളിവുകളും കേസന്വേഷണത്തിൽ നിർണായകമായേക്കും.

അതേസമയം, ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് എഡിജിപി പി.വിജയന്‍. കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കും. നടപടിക്രമങ്ങള്‍ പരിശോധിച്ച ്നടപടിയെന്നും ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം എഡിജിപി പറഞ്ഞു. അപകടസ്ഥലത്തും എഡിജിപി പരിശോധന നടത്തി. 

ചേരാനല്ലൂര്‍ അപകടത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. കാറോടിച്ച പതിനേഴുകാരനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തി. കാറിന്‍റെ ആര്‍.സി മോട്ടര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്യും. പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ ഹൈക്കോടതി നടപടി ഇന്നുണ്ടായേക്കും. തന്റെ അറിവോടെയല്ല 17 കാരനായ മകൻ വാഹനമോടിച്ചതെന്ന് പിതാവും വാഹനമുടമയുമായ അഡിഷനൽ ജഡ്ജി പൊലീസിനോട് പറഞ്ഞു.   മുൻപ് വാഹനമോടിച്ചതിന്റെ തെളിവു നശിപ്പിക്കാൻ 17 കാരൻ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമ അല്ലെങ്കിൽ രക്ഷിതാവിനെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി അഡിഷനൽ ജഡ്ജിക്കെതിരെ കേസെടുത്തിട്ടുണ്ട്. ജഡ്ജിയെ അറസ്റ്റു ചെയ്യണം, 17കാരന്റെ ചിത്രം ഡിലീറ്റ് ചെയ്യിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി വേണം എന്നീ ആവശ്യങ്ങളാണ് മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം മുന്നോട്ടു വയ്ക്കുന്നത്. ഇന്ന് വൈകീട്ട് നാലു വരെയാണ് കുടുംബം ഇതിനായി സമയം അനുവദിച്ചിട്ടുളളത്. ചേരാനല്ലൂർ സ്‌റ്റേഷനിലെത്തിയ ADGP പി വിജയൻ പൊലീസിന്റെ വീഴ്ച്ച ഉൾപ്പെടെ പരിശോധിക്കുമെന്ന് വ്യക്തമാക്കി. നടപടിയുണ്ടാകുമെന്ന് കമ്മിഷ്ണറും പ്രതികരിച്ചു.

17 കാരൻ 25 വയസുവരെ ലൈസൻസ് എടുക്കുന്നത് വിലക്കാൻ മോട്ടർ വാഹന വകുപ്പ് നീക്കമാരംഭിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ ആര്‍സി സസ്പെൻഡ് ചെയ്യും. കേസ് അന്വേഷണം ജില്ല ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തിയതിനാൽ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കുട്ടി സ്ഥിരമായി അമിത വേഗതയിൽ വാഹനം ഓടിക്കാറുണ്ടെന്ന് പൊലീസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. 

ENGLISH SUMMARY:

Fresh CCTV footage in the Cheranalloor road accident case reportedly shows a 17-year-old driving a luxury car out of his apartment complex at 1:36 a.m., during heavy rain, around 30 minutes before the fatal crash that killed Jayabalakrishnan. Police have intensified the investigation, charged the teenager with culpable homicide and sought cancellation of his bail. ADGP P. Vijayan has promised to examine the victim's family's allegations and the police's handling of the case. Authorities are considering suspending the vehicle's registration and restricting the teenager's eligibility for a driving licence. The teenager's father, an Additional District Judge, also faces legal scrutiny under Section 199A of the Motor Vehicles Act. The victim's family has demanded accountability from both the judge and the police.