ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി ഇഡി. ദേവസ്വം ബോര്‍ഡ് ആസ്ഥാനമടക്കം 20 ഇടത്താണ് റെയ്ഡ്. പ്രതികളായ എ.പത്മകുമാര്‍, എന്‍.വാസു, ഉണ്ണികൃഷ്ണന്‍ പോറ്റി, തന്ത്രി കണ്ഠര് രാജീവര് എന്നിവരുടെ വീടുകളിലും, പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പരിശോധന നടത്തുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ചങ്ങനാശേരിയിലെ വീട്ടില്‍ പരിശോധന. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയുടെ കാക്കനാട്ടുള്ള വീട്ടിലും ഇ.ഡി.ദേവസ്വം മുന്‍ ഉദ്യോഗസ്ഥന്‍ രാജേന്ദ്രപ്രസാദിന്റെ അങ്കമാലിയിലെ വീട്ടിലും പരിശോധന തുടരുന്നു. ബെംഗളൂരുവിലും ചെന്നൈയിലും പരിശോധന. ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സിലും ഗോവര്‍ധന്റെ ബെംഗളൂരുവിലെ വീട്ടിലും സ്ഥാപനത്തിലും പരിശോധ നടത്തുന്നുണ്ട്.
ശബരിമല സ്വർണക്കൊള്ളയിൽ പ്രമുഖര്‍ ഉള്‍പ്പെടെ 5 പേർ കൂടി ഉടൻ അറസ്റ്റിലായേക്കും. ദ്വാരപാലക ശിൽപ്പാളികളിലെ സ്വർണം മോഷ്ടിച്ച കേസിൽ 3 പേരും കട്ടിളപ്പാളി കേസിൽ രണ്ട് പേരുമാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ദ്വാരപാലക ശിൽപ്പ പാളികൾ 2025 ലും വിറ്റതായി സൂചനയുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായി മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും രണ്ട് ബോർഡ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും. ശബരിമല ശ്രീകോവിലിന്റെ പഴയ വാതിലിൽ നിന്നും സ്വർണം മോഷ്ടിച്ചതായി സംശയമുണ്ട്. സന്നിധാനത്ത് എത്തിയ എസ്‌ഐടി വാതിൽ പാളികളിൽ നിന്ന് ഇന്ന് സാംപിള്‍ ശേഖരിക്കും. സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടോയെന്ന് പരിശോധിക്കും.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക സംഘം. 2019ലെയും 2025ലെയും ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ശക്തമാക്കിയത്. സ്വർണപാളികളുടെ വിശദപരിശോധനയ്ക്കായി ഇന്നലെ വൈകിട്ടോടെ സന്നിധാനത്ത് എത്തിയ പ്രത്യേകസംഘം ഇന്ന് സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കും. ഹൈക്കോടതി ഇതിനായി പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. സ്വർണ്ണപ്പാളികളുടെ കൂടുതൽ സാംപിളുകൾ ശേഖരിക്കാനാണ് പരിശോധന. വരും ദിവസങ്ങളിൽ വി.എസ്.സി.യിലെ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും മൊഴിയെടുക്കും. സ്വർണപ്പാളികൾ വിറ്റോയെന്നതിൽ വ്യക്തത വരുത്താനാണ് മൊഴിയെടുക്കുന്നത്.