ശബരിമലയിലെ സ്വര്‍ണപ്പാളി അടിമുടി മാറിയെന്ന് സംശയിച്ച് ഹൈക്കോടതി. വിഎസ്എസ്‌സി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. 1998ലെ പാളികളും 2019ലെ പ്ലേറ്റിങ്ങും തമ്മില്‍ വ്യത്യാസമുണ്ട്. പാളിയില്‍ നിക്കലിന്‍റേയും അക്രലിക് പോളിമറിന്‍റേയും സാന്നിധ്യം കണ്ടെത്തി. ഹൈക്കോടതി റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. സ്വര്‍ണക്കൊള്ളയിലെ ആശങ്കകള്‍ അടിസ്ഥാനമുള്ളതാണ്. ശാസ്ത്രീയ പരിശോധനയില്‍ ഇത് തെളിഞ്ഞെന്ന് ദേവസ്വം ബെഞ്ച്. അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. അന്വേഷണസംഘം വിപുലീകരിച്ചു. രണ്ട് പുതിയ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി. 20 കൊല്ലത്തിലധികം കാലത്തെ ക്ഷേത്രഭരണത്തില്‍ അന്വേഷണം. ശബരിമല സ്വര്‍ണക്കൊള്ള ഒറ്റപ്പെട്ട കേസല്ലെന്നു കോടതി. അന്വേഷണം ഫലത്തില്‍ കടന്നല്‍ക്കൂട് ഇളക്കിവിട്ടതുപോലെ ആയി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രധാനപ്രതികളുടെ ആസ്തികള്‍ കണ്ടെത്തി.
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്‍റെ കാലത്തെ സ്വര്‍ണം പൂശലും സംശയം ഉന്നയിച്ച് ഹൈക്കോടതി. അത് കേന്ദ്രീകരിച്ച് അന്വേഷിക്കണമെന്നും കോടതി. കൂടുതല്‍ അറസ്റ്റിന് സാധ്യത. വീണ്ടും പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു. വിശദപരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിലെത്തും. സ്റ്റോര്‍ റൂമിലുള്ള കട്ടിളപ്പാളിയും പ്രഭാമണ്ഡലവും പരിശോധിക്കും. യുഡിഎഫ് ബോര്‍ഡിനും ക്ലീന്‍ചിറ്റില്ല. 2017ല്‍ കൊടിമരം മാറ്റിയതിലും ക്രമക്കേടെന്ന് സംശയമെന്ന് കോടതി. അഷ്ടദിക് പാലകരുടെ ശില്‍പങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം വേണം. എല്ലാ ഫയലുകളും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തന്ത്രിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ വാജിവാഹനം പഞ്ചലോഹമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. വാജിവാഹനത്തിന്‍റെ ഭാരം 10.68 കിലോഗ്രാമെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.
ശബരിമല സ്വർണകൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ ഇന്ന് സമർപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയിൽ ദേവസ്വം ബെഞ്ചിന്റെ രൂക്ഷ വിമർശനം. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് വാസുവിന്റെ റിമാൻഡ് നീട്ടിയ കൊല്ലം വിജിലൻസ് കോടതി ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.
എസ്.ഐ.ടി തലവന്മാരായ എഡിജിപി എച്ച്.വെങ്കിടേഷ്, എസ്.പി എസ്.ശശിധരൻ എന്നിവർ നേരിട്ട് എത്തിയാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണ പുരോഗതി വിലയിരുത്തിയ കോടതി വിഷയത്തിൽ ഇന്ന് ഇടക്കാല ഉത്തരവിറക്കും. അതിനിടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയെ ദേവസ്വം ബെഞ്ച് രൂക്ഷമായി വിമർശിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് വാക്കാൽ വിമർശിച്ച കോടതി, പ്രതികളെ സംരക്ഷിക്കാനാണോ ഹർജിയെന്നും ചോദിച്ചു. 10 ഇടക്കാല ഉത്തരവുകൾ ഇറക്കിയ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണെണ്ണും പ്രതികൾ നിരപരാധികളാണ് എന്നാണോ വാദമെന്നും കോടതി ചോദിച്ചു.
കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ എൻ വാസുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കൂടെ റിമാൻഡ് ചെയ്തു.അതെ സമയം കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലകശിപ്പ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യഹർജി നൽകിയിരുന്നത്. നേരത്തെ പോറ്റ സമർപ്പിച്ച രണ്ട് ജാമ്യ ഹർജികളും തള്ളിയിരുന്നു. തന്ത്രി കണ്ഠരര് രാജീവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച കസ്റ്റഡി അപേക്ഷ 22 ന് പരിഗണിക്കും. തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നതും 22 ലേക്ക് മാറ്റി.