ശബരിമല സ്വർണക്കൊള്ളയിൽ പ്രമുഖര്‍ ഉള്‍പ്പെടെ 5 പേർ കൂടി ഉടൻ അറസ്റ്റിലായേക്കും. ദ്വാരപാലക ശിൽപ്പാളികളിലെ സ്വർണം മോഷ്ടിച്ച കേസിൽ 3 പേരും കട്ടിളപ്പാളി കേസിൽ രണ്ട് പേരുമാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ദ്വാരപാലക ശിൽപ്പ പാളികൾ 2025 ലും വിറ്റതായി സൂചനയുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായി മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും രണ്ട് ബോർഡ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും. ശബരിമല ശ്രീകോവിലിന്റെ പഴയ വാതിലിൽ നിന്നും സ്വർണം മോഷ്ടിച്ചതായി സംശയമുണ്ട്. സന്നിധാനത്ത് എത്തിയ എസ്‌ഐടി വാതിൽ പാളികളിൽ നിന്ന് ഇന്ന് സാംപിള്‍ ശേഖരിക്കും. സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടോയെന്ന് പരിശോധിക്കും.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക സംഘം. 2019ലെയും 2025ലെയും ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ശക്തമാക്കിയത്. സ്വർണപാളികളുടെ വിശദപരിശോധനയ്ക്കായി ഇന്നലെ വൈകിട്ടോടെ സന്നിധാനത്ത് എത്തിയ പ്രത്യേകസംഘം ഇന്ന് സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കും. ഹൈക്കോടതി ഇതിനായി പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. സ്വർണ്ണപ്പാളികളുടെ കൂടുതൽ സാംപിളുകൾ ശേഖരിക്കാനാണ് പരിശോധന. വരും ദിവസങ്ങളിൽ വി.എസ്.സി.യിലെ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും മൊഴിയെടുക്കും. സ്വർണപ്പാളികൾ വിറ്റോയെന്നതിൽ വ്യക്തത വരുത്താനാണ് മൊഴിയെടുക്കുന്നത്.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്. കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും പോറ്റി പ്രതിയായതിനാൽ ആദ്യ കേസിൽ ജാമ്യം കിട്ടിയാലും ജയിൽ മോചിതനാകില്ല. രണ്ടാം കേസിൽ 90 ദിവസം പൂർത്തിയാകാൻ 3 ആഴ്ചകൂടിയുണ്ട്. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന എസ്ഐടിയുടെ അപേക്ഷ കോടതി പരിഗണിച്ചു. ഇന്ന് ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കി എസ്ഐടി കസ്റ്റഡിയിൽ വിടും.