Untitled design - 1

ഇസ്രയേൽ - ഇറാൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ഗൾഫിലേക്കുള്ള വിമാന സർവീസ് ഭാഗികമായി പുനരാരംഭിക്കുന്നു. ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ നിന്ന്  പരിമിതമായ തോതിൽ സർവീസുകൾ ആരംഭിച്ചു. എമിറേറ്റ്‌സ്  സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, നേരത്തെ ബുക്ക് ചെയ്തവർക്കാണ് മുൻഗണന . അബുദാബി വിമാനത്താവളത്തിൽ കുടുങ്ങിയ ട്രാൻസിറ്റ് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ എത്തിഹാദ് എയർവേയ്‌സ് 15  സർവീസ് നടത്തി. 

 

Also Read: ഹോര്‍മുസ് അടച്ചു, കപ്പല്‍ കണ്ടാല്‍ കത്തിക്കുമെന്ന് ഇബ്രാഹിം ജിബാരി; ഇന്ത്യയ്ക്കും ആശങ്ക

 

ഇൻഡിഗോ ഇന്ന് ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 10 പ്രത്യേക സർവീസ് നടത്തും. ​ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചാണ്  ക്രമീകരണം. ഇന്ന് മുതൽ ഒമാനിലെ മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കും. കൊച്ചിയും കോഴിക്കോടും  ഉൾപ്പെടെയുള്ള ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ആദ്യഘട്ടത്തിൽ പുനഃസ്ഥാപിക്കുന്നത്. നാളെ രാവിലെ  10:25-ന് മസ്കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം സർവീസ് നടത്തുക.

 

കറാച്ചിയില്‍ കുടുങ്ങിയ മലയാളികളെ കൊച്ചിയിലെത്തിക്കും. കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്ക് വിമാന സര്‍വീസ് തുടങ്ങി. ഒമാന്‍ എയറിന്റെ വിമാനങ്ങള്‍ 8.10നും 1.45നും പുറപ്പെടും. മസ്കത്തില്‍നിന്നുള്ള വിമാനം ഏഴരയോടെ കൊച്ചിയിലെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍വീസ് തുടങ്ങി. 

 

പ്രവാസി കുടുംബങ്ങള്‍ ആശങ്കയില്‍

 

അറബ് ലോകത്ത് യുദ്ധം അനിശ്ചിതമായി നീളുമ്പോള്‍ പ്രവാസി കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്. കേരളത്തിലെ സ്ഥലം പോലെ സുപരിചിതമായ ഇടങ്ങളില്‍പോലും മിസൈലുകളെത്തിയതോടെ പ്രിയപെട്ടവരുടെ സുരക്ഷ ഓര്‍ത്തു വേദനിക്കുകയാണ് കുടുംബങ്ങള്‍. അറബ് മണ്ണില്‍ യുദ്ധത്തിന്റെ കരിമ്പുക ഉയരുമ്പോള്‍ ഇടനെഞ്ചില്‍ തീയുമായി കഴിയുന്ന ആയിരക്കണക്കിന് പ്രവാസി കുടുംങ്ങളില്‍ ഒന്നാണ് മാങ്കാവ് സ്വദേശി അബ്ദുള്‍ സലാമിന്റേത്. മകനും മകളും യു.എ.ഇയിലാണ്.  വിഡിയോ കോളുകളില്‍ നേരിട്ടുകണ്ടുള്ള സംസാരം മാത്രമാണ് അല്‍പമെങ്കിലും ആശ്വാസമെത്തിക്കുന്നത്.

 

ചരമ വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയതാണു മുന്‍ ആരോഗ്യമന്ത്രി പി.ശങ്കരന്റെ മക്കള്‍. മകന്‍ രാജീവ് ഇവിടെയും ഭാര്യയും മൂന്നുമക്കളും ദുബൈയിലുമായി കുടുങ്ങി. സഹോദരിയുടെ അമേരിക്കയിലേക്കു മടക്കയാത്രയും നീളുകയാണ്

 

സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഭയപെടേണ്ട സാഹചര്യമില്ലെന്നുമാണു ദുബായ് അടക്കമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തീര്‍ത്തുപറയുന്നത്. ഇതാണു കുടുംബങ്ങള്‍ക്കുള്ള ഏക ആശ്വാസവും

ENGLISH SUMMARY:

Gulf flight resumption is partially restarting for services to the Middle East, with limited flights from Dubai and Abu Dhabi now operational. This comes as a relief to expatriate families who have been experiencing significant concern due to the ongoing conflict and its impact on travel.