തിരുവല്ലത്ത് ഐടി ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ ബൈക്ക് അപകടത്തില്‍ ട്വിസ്റ്റ്. അപകടത്തിന് കാരണം പിന്നില്‍ കാറിടിച്ചത്. കാര്‍ ഡ്രൈവര്‍ വിഷ്ണു പൊലീസ് കസ്റ്റഡിയില്‍ .
ഇന്നലെ തിരുവനന്തപുരം തിരുവല്ലത്ത് ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. എറണാകുളം സ്വദേശി നവീൻ സിബി (25 ), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. ഐ.ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മൃദുല അപകട സ്ഥലത്തും, നവീൻ ആശുപത്രിയിൽ എത്തിച്ച സമയത്തുമാണ് മരിച്ചത്.
Also Read: ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; ജന്മദിനത്തില്‍ യുവാവിന് ദാരുണാന്ത്യം, യുവതിയും മരിച്ചു
ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്. എന്നാല്‍ ബൈക്കിന്റെ ഹാൻഡിലിൽ പതിഞ്ഞ കാറിന്റെ പെയിന്റാണ് വഴിത്തിരിവായത്.
നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ ഇരുചക്ര വാഹനത്തിൽ എങ്ങനെ പെയിന്റ് പതിഞ്ഞു എന്നായി അന്വേഷണം. അങ്ങനെയെങ്കിൽ അപകടത്തിന് മറ്റൊരു വാഹനവും കാരണമായില്ലേ? ഈ സംശയമാണ് തിരുവല്ലം പൊലീസിന് കൂടുതൽ അന്വേഷണത്തിന് പ്രേരിപ്പിച്ചത് .
അപകടത്തിന് മുൻപും തുടർന്നും തിരുവല്ലം ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും പിന്നിലായി സഞ്ചരിച്ചിരുന്ന കാറും വ്യക്തമായി. അപകടത്തിനിടയാക്കിയ കാർ തിരിച്ചറിഞ്ഞു. നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിൽ മലയിൻകീഴ് സ്വദേശി വിഷ്‌ണുവാണ് വാഹനം ഓടിച്ചിരുന്നതെന്ന് തെളിഞ്ഞു. പിന്നാലെയാണ് തിരുവല്ലം പൊലീസ് മാറനല്ലൂരിലെ വീട്ടിൽ നിന്നും വിഷ്‌ണുവിനൊപ്പം വാഹനവും കസ്റ്റഡിയിലെടുത്തത്
ബോധപൂർവം അപകടമുണ്ടാക്കിയതല്ല
തിരുവനന്തപുരത്ത് ബന്ധുവിനൊപ്പം ആശുപത്രിയിലെത്തി മടങ്ങുകയായിരുന്നു വിഷ്‌ണു. തന്റെ കാറിൽ തട്ടി ബൈക്ക് അപകടം സംഭവിച്ചെന്ന് മനസിലായതിന് പിന്നാലെ വിഷ്‌ണു കാർ മുന്നോട്ട് നിർത്തി. ആൾക്കൂട്ടവും പരുക്കേറ്റവരുടെ അവസ്ഥയും മനസിലാക്കിയതോടെ പരിഭ്രാന്തിയായി. പിന്നാലെ ആരോടും സംസാരിക്കാതെ കാർ ഓടിച്ച് നീങ്ങുകയായിരുന്നു. അപകട സ്ഥലത്തെ സംഘർഷ സാധ്യതയും, ആക്രമണവും ഭയന്നാണ് വിവരം മറ്റാരെയും അറിയിക്കാതെ സ്ഥലത്ത് നിന്നും പോയതെന്നും വിഷ്‌ണു പറയുന്നു.
അപകടത്തിൽ പരുക്കേറ്റ രണ്ടുപേരെയും അതിവേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഷ്‌ടപ്പെട്ടത് ഉറ്റ സുഹൃത്തുക്കളെയും രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷയും. നവീൻ ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറും, മൃദുല കിൻഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. നവീന്റെ ജൻമദിനമായിരുന്നു ഇന്നലെ. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. ഇരുവരുടെയും തലക്കാണ് ഗുരുതരമായി പരുക്കേറ്റത്. മൃദുല തെറിച്ചുപോയി നിലത്തു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.