ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെ സംഘർഷാവസ്ഥ. നിർമാണ പ്രവൃത്തികൾ പൂർത്തിയാകാതെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസ്, ബിജെപി പ്രവർത്തകരും ഇവരെ തടയാൻ സിപിഎം പ്രവർത്തകരും എത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ അടക്കം 3 ജനപ്രതിനിധികൾക്ക് പരുക്കേറ്റു. മന്ത്രി വീണാ ജോർജ് ഓൺ ലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്തു.
51. 4 കോടി രൂപ ചിലവഴിച്ചാണ് തുറവൂർ ആശുപത്രിക്കായി ആറ് നില മന്ദിരം നിർമിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കെട്ടിടത്തിന്റെ നിർമാണ ജോലികൾ പൂർത്തിയാകുന്നതിന് മുൻപ് കെട്ടിടം ഉദ്ഘാടനം ചെയ്തു എന്ന ആക്ഷേപം ശക്തമാണ്. മന്ത്രി വീണാ ജോർജ് ഓൺലൈനിൽ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിക്ക് സമീപം ആശുപത്രിക്ക് പുറത്ത് കരിങ്കൊടികളും പ്ലാക്കാർഡുകളുമായി കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി ബിജെ പി പ്രവർതകരും എത്തി. ഇവരെ തടയാൻ സി പി എം പ്രവർത്തകരും സംഘടിച്ചു. പരസ്പരം മുദ്രാവാക്യം മുഴക്കി ഇരു കൂട്ടരും നിലകൊണ്ടു - പൊലീസ് ഇവരുടെ മധ്യത്തിലും നിന്നു.
ഉദ്ഘാടന വേദിയിൽ സ്ഥിരം സമിതി അധ്യക്ഷൻ ഗൗരീശൻ പ്രതിഷേധം പ്രകടിപ്പിച്ചു. ഉദ്ഘാടനം കഴിഞ്ഞതോടെ വീണ്ടും സംഘർഷം ഉണ്ടായി. പ്രശ്നങ്ങൾ സംസാരിക്കാനെത്തിയ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. രാജേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സിനിൽ , ഗൗരീശൻ എന്നിവർക്ക് പരുക്കേറ്റു. ഗൗരീശനെ സി പി എം പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു.
ഇവരെ തുറവൂർ താലൂക്ക് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ക്ഷതമേറ്റ ഗൗരീശനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രികളെപ്പോലും വെല്ലുന്ന മനോഹരമായ കെട്ടിടം ആണ് നിർമിച്ചിരിക്കുന്നതെങ്കിലും അകത്ത് വയറിങ്ങ് അടക്കമുള്ള ജോലികൾ ഇനിയും ബാക്കിയാണ്. നിലവിൽ 30 ഡോക്ടർമാർ വേണ്ടിടത്ത് 12 പേരെയുള്ളു. ദേശീയ പാതയോരത്തുള്ള ആശുപത്രി ആയതിനാൽ ട്രോമ കെയർ സംവിധാനങ്ങളുണ്ട്. മതിയായ ഡോക്ടർമാരും ജീവനക്കാരും ഇല്ലാതെ എങ്ങനെ ആശുപത്രി പ്രവർത്തിക്കുമെന്നാണ് ഉയരുന്ന ചോദ്യം.