minister-riyas-excluded-from-pm-modi-nh-inauguration

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത അവഗണന. ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. രാഷ്ട്രീയ നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചടങ്ങ് ബഹിഷ്കരിച്ചേക്കുമെന്നാണ് സൂചന. നോട്ടിസിലടക്കം റിയാസിന്‍റെ പേര് വച്ചിരുന്നില്ല. സംസ്ഥാനം വലിയതോതില്‍ ഭൂമി ഏറ്റെടുത്ത് നല്‍കുകയും മുന്നിട്ടിറങ്ങുകയും ചെയ്തതിന്‍റെ ഫലമായാണ് 30 മീറ്ററില്‍ നിന്നും 45 മീറ്റര്‍ വീതിയില്‍ ദേശീയപാത യാഥാര്‍ഥ്യമാകുന്നത്. സംസ്ഥാനത്തിന് അവകാശവും അധികാരവും ഉള്ള പദ്ധതിയാണിതെന്നും ദേശീയപാത അതോറിറ്റിയുടെ പിഴവ് കൊണ്ട് പലയിടങ്ങളിലും നിര്‍മാണത്തിനിടെ തന്നെ തകര്‍ന്നപ്പോള്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതും പൊതുമരാമത്ത് മന്ത്രിയായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആ സാഹചര്യത്തില്‍ മന്ത്രിയെ വിളിക്കാതിരിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയമാണെന്നും പ്രധാനമന്ത്രി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൂടി നിര്‍വഹിക്കുന്നതിനാല്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയപാത 66ലെ തലപ്പാടി–ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്‍റെ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയുമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ദേശീയപാതയ്ക്ക് പുറമെ 10,800 കോടിയുടെ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കമിടും. ഉച്ചയ്ക്ക് 1.15ന് കലൂര്‍ സ്റ്റേഡിയത്തിലാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും നടത്തുക. 5,500 കോടി രൂപ ചെലവിട്ട് ബിപിസിഎലില്‍ നിര്‍മിക്കുന്ന പോളി പ്രൊപ്പിലിന്‍ പ്ലാന്‍റിനും പ്രധാനമന്ത്രി തറക്കല്ലിടും. 

ഇതിന് പുറമെ പ്രധാന്‍മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തില്‍ നിര്‍മിച്ച 23 റോഡുകളുടെ ഉദ്ഘാടനവും അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ വികസിപ്പിച്ച ഷൊര്‍ണൂര്‍ ജംക്​ഷന്‍, കുറ്റിപ്പുറം, ചങ്ങനാശ്ശേരി, റെയില്‍വേ സ്റ്റേഷനുരളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

രാവിലെ 11.45 ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ 12.15 ന് നാവിര ആസ്ഥാനത്തെത്തും. അവിടെ നിന്നും റോഡ് മാര്‍ഗം 12.30ന് മറൈല്‍ ഡ്രൈവിലെത്തുന്ന അദ്ദേഹം ധീവര സഭയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. 2.15ന് സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യും. 3.20 ഓടെ പ്രധാനമന്ത്രി മടങ്ങും.

ENGLISH SUMMARY:

A major political controversy has erupted on March 11, 2026, as the Kerala government alleges neglect in Prime Minister Narendra Modi's official program in Kochi. Public Works Minister P.A. Mohamed Riyas was reportedly excluded from the official invitation for the NH 66 inauguration. In protest, Chief Minister Pinarayi Vijayan is expected to boycott the event. The state government claims significant credit for the 45-meter wide highway project, citing extensive land acquisition efforts. The PM will inaugurate projects worth ₹10,800 crore, including NH stretches and BPCL's Polypropylene plant at Kaloor Stadium