Image Credit:Reuters

Image Credit:Reuters

യുദ്ധം കനക്കുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം ശക്തമാക്കി ഇറാന്‍. സൗദി റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമത്താവളം ലക്ഷ്യമിട്ട് ഇറാന്‍ വര്‍ഷിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. യുദ്ധം തുടങ്ങിയത് മുതല്‍ ഇവിടം ലക്ഷ്യമിട്ട് നിരന്തര ആക്രമണം ഇറാന്‍ നടത്തുന്നുണ്ട്. അല്‍ ഖര്‍ജിലെ ഈ വ്യോമത്താവളം യുഎസ് എയര്‍ഫോഴ്സിന്‍റെ സെന്‍ട്രല്‍ കമാന്‍ഡിന് കീഴിലാണ്.

ഖത്തറിലും യുഎഇയിലും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. ഇറാനിലെ ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ വന്‍ സ്ഫോടനങ്ങളുണ്ടായി. ടെഹ്റാനിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. ഇന്ധനസംഭരണശാലകള്‍ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണത്തില്‍ യുഎസ് അതൃപ്തി പ്രകടിപ്പിച്ചെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിലെ ടെല്‍ അവീവില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി. 

അതിനിടെ ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനുകള്‍ സ്ഥാപിക്കുന്ന16 ഇറാനിയൻ കപ്പലുകൾ തകര്‍ത്തെന്ന് യുഎസ് സൈന്യം അറിയിച്ചു. കടലിടുക്കിൽ ഇറാൻ സ്ഥാപിക്കുന്ന മൈനുകൾ ഉടനടി നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം,  ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണില്‍ സംസാരിച്ച റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. യുദ്ധം തുടങ്ങിയ ശേഷം രണ്ടാംവട്ടമാണ് ഇരുവരും ഫോണിലൂടെ ചര്‍ച്ച നടത്തുന്നത്. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായും ഫോണില്‍ ചര്‍ച്ച നടത്തി. 

ENGLISH SUMMARY:

Saudi Arabia successfully intercepted six Iranian ballistic missiles targeting the Prince Sultan Air Base in Riyadh. The attack, part of a wider regional escalation, also saw drone strikes in Qatar and the UAE. Meanwhile, Israel launched heavy airstrikes on government buildings in Tehran, and the US Navy destroyed 16 Iranian vessels planting mines in the Strait of Hormuz. US President Donald Trump issued a stern warning to Iran, while global leaders including Vladimir Putin and S. Jaishankar engaged in urgent diplomatic talks to prevent a total regional war