മലപ്പുറം പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പീഡനക്കേസ് പ്രതി ജമാൽ മുഹമ്മദ് ജയിലിനുള്ളിൽ നിന്ന് നിരന്തരം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി. കൊളത്തൂർ പൊലീസ് റജിസ്റ്റർ ചെയ്ത പീഡനശ്രമക്കേസിലാണ് പ്രതി ജയിലിലായത്. ജയിലിലെ ഔദ്യോഗിക നമ്പറിന് പുറമേ വിവിധ വ്യക്തിഗത മൊബൈൽ നമ്പറുകളിൽ നിന്നാണ് പ്രതി വിളിക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ജയിലിലെത്തി പരാതിക്കാരി പ്രതിയെ കാണണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ജയിലിന് പുറത്ത് വെച്ചും ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു.
പീഡനക്കേസിലെ പ്രതി ജയിലിൽ കിടന്ന് പരാതിക്കാരിയെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക നമ്പർ കൂടാതെ മറ്റ് സംസ്ഥാനങ്ങളിലെ വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്നാണ് പ്രതി നിരന്തരം കോൾ ചെയ്യുന്നത്.
ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതെന്ന ആശങ്ക ശക്തമാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴും ജയിലുകളിൽ നിയമലംഘനം തുടരുകയാണ്. ജയിൽ അധികൃതരുടെ പങ്കിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.