നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും വിചാരണക്കോടതി ഉടന്‍ ശിക്ഷ വിധിക്കും. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ് ഹണി എം.വര്‍ഗീസ് രാവിലെ ശിക്ഷയിന്മേല്‍ പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം കേട്ടു. മൂന്നരയോടെയാകും ശിക്ഷ പ്രഖ്യാപിക്കുക. ഒന്നാംപ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന എന്‍.എസ്.സുനില്‍, രണ്ടാംപ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാംപ്രതി ബി.മണികണ്ഠന്‍, നാലാംപ്രതി വി.പി.വിജീഷ്, അഞ്ചാംപ്രതി വടിവാള്‍ സലിം എന്നറിയപ്പെടുന്ന എച്ച്.സലിം, ആറാംപ്രതി പ്രദീപ് എന്നിവരെ തിങ്കളാഴ്ച കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. നടന്‍ ദിലീപ് ഉള്‍പ്പെടെ മറ്റ് പ്രതികളെ വെറുതെവിട്ടു.
ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ വെറുതേ വിടണമെന്നായിരുന്നു രണ്ടാംപ്രതി മാര്‍ട്ടിന്‍റെ വാദം. കോടതി അനുകമ്പ കാട്ടണമെന്ന് മണികണ്ഠനും അഭ്യര്‍ഥിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു എച്ച്. സലീമിന്‍റെ വാദം. ശിക്ഷയില്‍ ഇളവ് വേണമെന്ന് ആറാം പ്രതി പ്രദീപ് പറഞ്ഞപ്പോള്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നും സ്വന്തം നാട് തലശ്ശേരിയായതിനാല്‍ കണ്ണൂരിലെ ജയിലിലേക്ക് വിട്ടാല്‍ മതിയെന്നുമായിരുന്നു നാലാം പ്രതിയുടെ ആവശ്യം.
എല്ലാപ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയാണ് ബലാല്‍സംഗം ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റുള്ളവര്‍ കൂട്ടായി നിന്ന് പ്രവര്‍ത്തിച്ചതാണ് അതിന് കാരണമായതെന്നും അതിനാല്‍ ഒന്നാം പ്രതിയുടെ ശിക്ഷ തന്നെ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.
തെളിഞ്ഞ കുറ്റങ്ങള്‍ 376 (D) – കൂട്ട ബലാല്‍സംഗം ( ഇരുപത് വര്‍ഷം കഠിനതടവ് മുതല്‍ ജീവപര്യന്തം തടവും പിഴയും വരെ )
120 (B) – ക്രിമിനല്‍ ഗൂഡാലോചന, ക്രിമിനല്‍ ഗൂഡാലോചനയില്‍ പങ്കാളിത്തം – (കൂട്ടബലാല്‍സംഗത്തിനുള്ള അതേ ശിക്ഷ)
357 – നിയമവിരുദ്ധമായി തടവിലാക്കല്‍ (പരമാവധി ഒരു വര്‍ഷം തടവുശിക്ഷയും പിഴയും)
366 – തട്ടിക്കൊണ്ടുപോകല്‍ (പരമാവധി പത്ത് വര്‍ഷം തടവുശിക്ഷയും പിഴയും)
342 – അന്യായമായി തടവില്‍ വെക്കല്‍–(ഒരു വര്‍ഷം തടവുശിക്ഷയും പിഴയും)
354 – ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കല്‍ (ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും പിഴയും)
354(B) – ക്രിമിനല്‍ ബലപ്രയോഗം, നഗ്നയാക്കല്‍, അതിന് നിര്‍ബന്ധിക്കല്‍ – (മൂന്നുമുതല്‍ ഏഴുവര്‍ഷം തടവുശിക്ഷയും പിഴയും)
201 – തെളിവുനശിപ്പിക്കല്‍ (മൂന്നുവര്‍ഷം വരെ തടവും പിഴയും) ഐടി ആക്ട് 66(ഇ)–സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍ (മൂന്നു വര്‍ഷം വരെ തടവും രണ്ട് ലക്ഷം പിഴയും)
67(എ)–ലൈംഗിക ചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ (അഞ്ചുവര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും)
ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് മാത്രമാണ് ബാധകം. സുനിയാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. നടിയെ പീഡിപ്പിച്ചത് സുനി മാത്രമാണെങ്കിലും കുറ്റകൃത്യം നടക്കുമ്പോള്‍ മറ്റ് പ്രതികളുടെ സാന്നിധ്യവും അറിവും സഹായവും ഉണ്ടായിരുന്നു. ആസൂത്രണത്തിലും അവര്‍ക്ക് പങ്കുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് അഞ്ച് പ്രതികള്‍ക്കെതിരെയും ബലാല്‍സംഗ കുറ്റം നിലനില്‍ക്കും. രണ്ടാം പ്രതി മാര്‍ട്ടിനെതിരെ തെളിവ് നശിപ്പിക്കല്‍ (201) കുറ്റം നിലനില്‍ക്കും. സുനിക്കെതിരെ സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്. നടിയെ ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം.