നേരിട്ട് യുദ്ധക്കെടുതികള്‍ ഏറ്റുവാങ്ങുന്ന രാജ്യമായി ലബനനും. ഇസ്രയേല്‍– ഹിസ്ബുല്ല പോരാട്ടമാണ് ലബനനെ പോരാട്ടഭൂമിയാക്കുന്നത്. പതിനായിരക്കണക്കിന് മനുഷ്യര്‍ പലായനം ചെയ്യുകയാണ്. സിറിയന്‍ യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ഥികളായി എത്തിയവരാണ് ഇരട്ടദുരിതം ഏറ്റുവാങ്ങുന്നത്. ഇറാന്‍റെ സഖ്യകക്ഷിയായ ഹിസ്ബുല്ലയെ തകര്‍ക്കാനാണ് ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയത്. അയത്തുള്ള ഖമനേയിയുടെ വധത്തെത്തുടര്‍ന്ന് ഇസ്രയേലിലേക്ക് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത്.
ദക്ഷിണ ലബനനിലെയും തലസ്ഥാനമായ ബെയ്റൂട്ടിലെയും ഹിസ്ബുല്ല കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ ലക്ഷ്യംവയ്ക്കുന്നത്. കൂറ്റന്‍ കെട്ടിടങ്ങള്‍ തകരുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ പാർലമെന്‍ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടിരുന്നു. ദക്ഷിണ ലബനനിലെ പല മേഖലകളും ഇസ്രയേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി.
അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചതോടെ കൂട്ട പലായനമാണ്. 30000 ലധികം പേര്‍ അഭയാര്‍ഥി ക്യാംപുകളില്‍ റജിസ്റ്റര്‍ ചെയ്തെന്ന് യുഎന്‍ റഫ്യൂജി ഏജന്‍സി വ്യക്തമാക്കി. സിറിയന്‍ ആഭ്യന്തര യുദ്ധത്തെതുടര്‍ന്ന് ലബനനില്‍ അഭയം തേടിയവരാണ് പലായനം ചെയ്യേണ്ടി വരുന്നവരില്‍ ഏറെയും. ഒരു വർഷത്തിലേറെ നീണ്ടുനിന്ന ഇസ്രയേൽ – ലബനൻ സംഘർഷത്തിനു ശേഷം 2024 ൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.