നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി ശിക്ഷാവിധിയിന്‍മേല്‍ വാദം കേള്‍ക്കുന്നതിനിടെ നാടകീയ സംഭവങ്ങള്‍. എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിച്ചപ്പോള്‍ തനിക്ക് അമ്മ മാത്രമേയുള്ളൂവെന്നായിരുന്നു ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മറുപടി. എന്നാല്‍ പൊട്ടിക്കരഞ്ഞാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി സംസാരിച്ചത്. ഒരു പെറ്റിക്കേസ് പോലും തനിക്കെതിരെ മുന്‍പുണ്ടായിട്ടില്ല. ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ അഞ്ചര വര്‍ഷമായി ജയിലില്‍ കഴിഞ്ഞു. പ്രായമായ മാതാപിതാക്കളാണ് തനിക്കുള്ളതെന്നും മാര്‍ട്ടിന്‍ പറയുന്നു.
അതേസമയം തനിക്ക് ഭാര്യയും ഒന്‍പതും രണ്ടര വയസും വീതം പ്രായമുള്ള മക്കളുണ്ടെന്നും മനസറിഞ്ഞ് ഒന്നും ചെയ്തിട്ടില്ലെന്നുമാണ് മൂന്നാം പ്രതിയായ ബി.മണികണ്ഠന്‍ പറഞ്ഞത്. മറ്റാരുമായും കൂടിയിരുന്ന് സംസാരിച്ചിട്ടില്ലെന്നും കുടുംബത്തിന് താന്‍ മാത്രമാണ് ആശ്രയമെന്നും തന്നോടും കുടുംബത്തോടും കോടതി അനുകമ്പ കാട്ടണമെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞശിക്ഷ നല്‍കണമെന്നും നാട് തലശ്ശേരിയായതിനാല്‍ കണ്ണൂര്‍ ജയിലിലേക്ക് അയയ്ക്കണമെന്നായിരുന്നു നാലാം പ്രതി വിജീഷിന്‍റെ വാദം. കുറഞ്ഞ ശിക്ഷ നല്‍കണമെന്നും വിജേഷ് അഭ്യര്‍ഥിച്ചു. കേസില്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഭാര്യയും ഒരു മകളുമുണ്ടെന്നാണ് അഞ്ചാം പ്രതി എച്ച്.സലീം കോടതിയെ ബോധിപ്പിച്ചത്. കുടുംബത്തിന്‍റെ ഏക ആശ്രയം താനാണെന്നും സലീം അവകാശപ്പെട്ടു.
പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
പ്രതികള്‍ക്കെതിരെ ചുമത്തിയ കൂട്ട ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, തെളിവുനശിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രം പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കെതിരെ കൂട്ടബലാല്‍സംഗം ചുമത്തപ്പെട്ടിട്ടുള്ളതിനാല്‍ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. എന്നാല്‍ ബലാല്‍സംഗം ചെയ്തത് ഒന്നാം പ്രതി പള്‍സര്‍ സുനിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടു മുതല്‍ ആറുവരെയുള്ള പ്രതികള്‍ ബലാല്‍സംഗത്തിന് കൂട്ടുനിന്നതാണ് കുറ്റമെന്നും കോടതി പറഞ്ഞു. ഓരോരുത്തരുടേയും പങ്ക് പ്രത്യേകമാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
വിധി സമൂഹത്തിന് വേണ്ടിയല്ലെന്ന് കോടതി
കോടതി വിധി സമൂഹത്തിന് വേണ്ടിയല്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. അത് കുറ്റവാളികള്‍ക്കും കുറ്റകൃത്യത്തിനും എതിരെയുള്ളതാണ്. ശിക്ഷയാണ് സമൂഹത്തിന് സന്ദേശമാകേണ്ടതെന്നും കോടതി വ്യക്തമാക്കി. അതിക്രൂരമായ ബലാല്‍സംഗമാണെങ്കില്‍ മാത്രമേ ജീവപര്യന്തം ശിക്ഷ വിധിക്കാവൂവെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിജീവിതയുടെ നിസ്സഹായവസ്ഥ പരിഗണിക്കേണ്ടേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
'നടിയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതാണ്'
ജയിലില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയായി കണക്കാക്കി വെറുതെവിടണമെന്ന് രണ്ടാംപ്രതി മാര്‍ട്ടിന്‍ ആന്‍റണിയുടെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. മാര്‍ട്ടിന്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. ആകെ ചെയ്ത കുറ്റം ഇരയെ പ്രതികള്‍ക്കരികില്‍ എത്തിച്ചു എന്നത് മാത്രമാണ്. കുറ്റകൃത്യം നടക്കുമ്പോള്‍ ആ സ്ഥലത്തുണ്ടായിരുന്നില്ല. ഇരയെ ഉപദ്രവിക്കരുതെന്ന് പ്രതികളോട് അഭ്യര്‍ഥിക്കുകയും ചെയ്തുവെന്നും മാര്‍ട്ടിന്‍റെ അഭിഭാഷകന്‍ അവകാശപ്പെട്ടു.