നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള 4 പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതിയിൽ തിരുത്തപ്പെടുമെന്ന ഉറച്ച വിശ്വാസത്തില്‍ പ്രോസിക്യൂഷൻ. കേസുമായി ബന്ധപ്പെട്ട രണ്ട് വിഷയങ്ങളിൽ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി തിരുത്തിയിരുന്നു. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നിയമനടപടി സ്വീകരിച്ചാലും നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്
Also Read: ദിലീപിനെ തിരിച്ചെടുക്കാന്‍ നീക്കം; ‘ഫെഫ്ക’യില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിൽ അന്വേഷണം വേണ്ട എന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട്. എന്നാൽ ഇതിനെതിരെ പ്രോസിക്യൂഷനും, അതിജീവിതയും നൽകിയ ഹർജിയിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണ സമയത്ത് ഏതാനും സാക്ഷികളെ രണ്ടാമതും വിസ്തരിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയപ്പോഴും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പോയി. അവിടെയും വിചാരണ കോടതി തീരുമാനം തിരുത്തപ്പെട്ടു. ഈ രണ്ട് വിഷയങ്ങളാണ് പ്രോസിക്യൂഷന്റെ ആത്മവിശ്വാസത്തിന് കാരണം.
ക്രിമിനൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. ദിലീപിനൊപ്പം കേസിലെ 7, 9, 15 പ്രതികളെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചത്. എന്നാൽ വിധി പകർപ്പ് ലഭിച്ചതിനുശേഷമേ അത്തരം നടപടിയിലേക്ക് കടക്കാനാകൂ. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, അതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ദിലീപ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. കേസിന്റെ തുടക്കത്തിൽ വിടുതൽ ഹർജിയുമായി ദിലീപ് വിചാരണ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും തള്ളിയിരുന്നു.
ഇതിനെതിരെ സുപ്രീംകോടതിയിൽ പോയെങ്കിലും പിന്നീട് ഹർജി പിൻവലിച്ചു. ഈ സാഹചര്യത്തിൽ പ്രതിയാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന ദിലീപിന്റെ ആരോപണം നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്.