israel-attacked-beirut
  • പശ്ചിമേഷ്യയില്‍ നിന്ന് ഒഴിയണമെന്ന് പൗരന്‍മാരോട് അമേരിക്ക
  • റിയാദിലെ യുഎസ് എംബസി ആക്രമിച്ച് ഇറാന്‍
  • ഹോര്‍മുസിലൂടെ പോയാല്‍ ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ഇറാന്‍–ഇസ്രയേല്‍ ആക്രമണം കനക്കുന്നു. ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചു. ലെബനനില്‍ നിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ബെയ്റൂട്ടിലെ ഹിസ്ബുല്ല കമാന്‍ഡ് സെന്ററുകളും ആയുധങ്ങളും ഇസ്രയേല്‍ നശിപ്പിച്ചു. പശ്ചിമേഷ്യയില്‍ നിന്ന് ഒഴിയാന്‍ പൗരന്മാര്‍ക്ക് അമേരിക്ക നിര്‍േദശം നല്‍കി. ഇറാനില്‍ നിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നുവെന്നും 50 ഡ്രോണുകള്‍ വീഴ്ത്തിയെന്നും യുഎഇ അറിയിച്ചു. അബുദബിയില്‍ പുലര്‍ച്ചെ ശക്തമായ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് ബഹ്റൈന്‍ അവകാശപ്പെട്ടു. ഇറാന്റെ രണ്ട് ഫൈറ്റര്‍ ജെറ്റുകളും ഏഴ് ബാലിസ്റ്റിക് മിസൈലുകളും തകര്‍ത്തതായി ഖത്തര്‍ അവകാശപ്പെട്ടു.

അതിനിടെ ഇറാന്‍റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ആറായി. ആക്രമണം തുടര്‍ന്നാല്‍ ഹോര്‍മുസിലൂടെ ഒരു കപ്പലും പോകാന്‍ അനുവദിക്കില്ലെന്നും എണ്ണക്കപ്പലുകളെയെല്ലാം ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.  

എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച ഇറാന്‍ ചോദിച്ചുവാങ്ങിയ പ്രഹരമാണ് ഇപ്പോഴത്തേതെന്ന് യുഎസ് ഡോണള്‍‍ഡ് ട്രംപ്. 'ഇറാന്റെ ആണവായുധ നിര്‍മാണം യുഎസിനും ലോകത്തിനും ഭീഷണിയാണ്. ലഭിച്ച ഏറ്റവും മികച്ച അവസരത്തിലാണ് ആക്രമണം നടത്തിയതെന്നും സൈനിക നടപടി അഞ്ച് ആഴ്ച നീളാമെന്നും' ട്രംപ് പറഞ്ഞു. ഇറാനിലെ ഭരണമാറ്റമെന്ന വിഷയത്തില്‍ ട്രംപ് പ്രതികരിച്ചില്ല. 

'ഇറാന്റെ മിസൈല്‍ ശേഷി തകര്‍ക്കുക, നാവിക സേനയെ ഉന്മൂലനം ചെയ്യുക, ആണാവായുധ നിര്‍മാണം തടയുക ഈ ലക്ഷ്യങ്ങളിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന് ട്രംപ്. ആയുധശേഷിക്കൊപ്പം ഇറാന്റെ ഭീകരസേനയെയും സാമ്പത്തിക സ്രോതസുകളും നിര്‍വീര്യമാക്കും. നടപടിക്ക് യുഎസിന് എല്ലാവരുടെയും പിന്തുണയുണ്ട്.   കൂടുതല്‍ സമയം േവണ്ടിവന്നാലും പ്രശ്നമല്ലെന്നും' ട്രംപ് വ്യക്തമാക്കി. ഇറാന്‍റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട നാല് യുഎസ് സൈനികര്‍ക്ക്  വൈറ്റ് ഹൗസില്‍ നടന്ന പ്രത്യേക ചടങ്ങില്‍  ട്രംപ് ആദരമര്‍പ്പിച്ചു. 

ENGLISH SUMMARY:

The conflict in the Middle East has escalated as Israel targeted Iran’s official state broadcasting headquarters (IRIB) and Hezbollah’s command centers in Beirut. In response to the ongoing US-Israeli offensive, Iran has threatened to block the Strait of Hormuz and target all oil tankers. US President Donald Trump announced that the military campaign, aimed at destroying Iran’s nuclear and missile capabilities, could last up to five weeks. Meanwhile, the UAE and Bahrain intercepted hundreds of Iranian drones and missiles, with reports of a massive strike in Abu Dhabi. As of March 3, 2026, six US soldiers have been confirmed killed in Iranian retaliatory attacks.