ഒടുവില്‍ പരീക്ഷക്രമക്കേടില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ഇതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും എക്സ് പോസ്റ്റില്‍ കുറിച്ചു.യുവജനങ്ങളുടെ ഭാവി നശിപ്പിക്കുന്നവരെ വെറുതെവിടില്ലെന്നും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശം നല്‍കിയെന്നും പ്രധാനമന്ത്രി.ഡല്‍ഹിയിലെ വിദ്യാര്‍ഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുംവരെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് സിജെപി പ്രതികരിച്ചു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം മുപ്പത്തിനാലാം ദിവസത്തിൽ. ജന്തർ മന്തറിലെ സമരവേദി നിറഞ്ഞു. കൂടുതല്‍ പ്രതിഷേധക്കാരെത്തുന്നത് തടയാന്‍ പതിനാറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മെട്രോ സ്റ്റേഷനുകള്‍ തുറക്കില്ലെന്ന് ഡിഎംആര്‍സി അറിയിച്ചു. പ്രതിഷേധം അട്ടിമറിക്കാന്‍ ബിജെപി ഗുണ്ടകള്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറുന്നുവെന്നും സിജെപി നേതാവ് അഭിജിത്ത് ദീപ്കെ ആരോപിച്ചു.
ചര്‍ച്ചകള്‍ക്ക് കേന്ദ്രമന്ത്രിമാരുടെ വസതിയിലേക്ക് പോകില്ലെന്നും അവര്‍ക്ക് ജന്തര്‍ മന്തറിലേക്ക് വരാമെന്നും ദീപ്കെ പറഞ്ഞു. കഴിഞ്ഞദിവസമുണ്ടായ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വനിതകളെ മര്‍ദിച്ച കേസില്‍ അഡിഷണല്‍ ഡിസിപിയെ ചുമതലകളില്‍ നിന്ന് നീക്കി. സന്ദീപ് ലാംബ വനിതയുടെ മുഖത്തടിച്ചത് വിവാദമായിരുന്നു. ഡൽഹിയിൽ ഇന്നലെയുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ, രാജ്യതലസ്ഥാനം അതീവ ജാഗ്രതയിലാണ്. 30 കമ്പനി കേന്ദ്രസേനയെക്കൂടെ അധികമായി വിന്യസിക്കും. ജൂലൈ 27 വരെ ഇവർ ഡൽഹിയിൽ തുടരും. വിമാന മാർഗമാണ് സേനയെ അടിയന്തരമായി ഡൽഹിയിലേക്ക് എത്തിക്കുന്നത്.