Untitled design - 1

Tamil Nadu Chief Minister Joseph Vijay speaks during the state Legislative Assembly session, in Chennai (PTI Photo)

വിജയ് മുഖ്യമന്ത്രിയായ ശേഷം തമിഴ്‌നാട് നിയമസഭ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 28 ദിവസത്തെ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭ സന്ദര്‍ശിച്ചത് 32055 പേരാണ്. നിയമസഭ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ സ്‌പീക്കര്‍ ജെസിഡി പ്രഭാകറാണ് ഇക്കാര്യം അറിയിച്ചത്. 2021 ല്‍ എംകെ സ്റ്റാലിന്റെ ഭരണകാലഘട്ടത്തില്‍ 22651 സന്ദര്‍ശകരെത്തി. 2023 ല്‍ 20137 പേരാണ് നിയമസഭ സമ്മേളനം കാണാന്‍ എത്തിയത്. 2024 ആയപ്പോഴേക്കും  10754 ആയി കുറഞ്ഞു.2025 ല്‍ അത് 20123 ആയി.  

 

എന്നാല്‍ ടിവികെ അധികാരമേറ്റ ശേഷമുള്ള 28 ദിവസത്തെ ആദ്യ ബജറ്റ് സമ്മേളനം കാണാനെത്തിയത് 32055 പേരാണ്. തമിഴ്‌നാട് നിയമസഭ ചരിത്രത്തിലെ റെക്കോര്‍ഡ് കാഴ്ചക്കാരുടെ എണ്ണമാണിത്. മാത്രമല്ല കാഴ്ചക്കാരിലേറെയും വിദ്യാര്‍ഥികളും ജെന്‍സികളുമാണെന്നും സ്‌പീക്കര്‍ പറഞ്ഞു.  നേരത്തെ ശരാശരി 20 സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് നിയമസഭ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്ന ശേഷം 76 സ്‍കൂളുകളിലെ വിദ്യാര്‍ഥികള്‍ സന്ദര്‍ശനത്തിനെത്തിയെന്നും ജെ.സിഡി പ്രഭാകര്‍ വ്യക്തമാക്കി.  ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന് മാത്രമെത്തിയവരുടെ കണക്കാണിത്.  

 

Also read: പുതിയ സെക്രട്ടേറിയറ്റ് നിർമിക്കാൻ വിജയ് സർക്കാർ; തമിഴ്‌നാടിന്റെ സ്വപ്നം യാഥാർഥ്യമാകുമോ?

 

പ്ലസ് വണ്‍., പ്ലസ് ടു ക്ലാസുകളിലെ കുട്ടികളും ജോലി ചെയ്യുന്ന യുവാക്കളുമാണ് കൂടുതല്‍ എത്തുന്നത്. ഇത് യുവതലമുറയ്ക്ക് രാഷ്ട്രീയത്തോടുള്ള താല്‍പര്യം കൂടിയതിന്റെ പ്രതിഫലനമാണെന്നും സ്‌പീക്കര്‍ പറഞ്ഞു. കൂടാതെ വരും നിയമസഭ സമ്മേളനങ്ങളുടെ തല്‍സമയ സംപ്രേക്ഷണത്തിനൊപ്പം ആംഗ്യഭാഷയിലും അവതരണമുണ്ടാകും. 8 പ്രമേയങ്ങളും 11 ബില്ലുമാണ് നിയമസഭ ബജറ്റ് സമ്മേളനത്തില്‍ പസ്സാക്കിയത്. നിയമസഭയിലെ വിജയ്‌യുടെ പ്രസംഗം കേള്‍ക്കാനായി ചായക്കടകളില്‍ അടക്കം പലയിടത്തും തമിഴ്‌നാട്ടില്‍ സഭ ലൈവ് സ്ട്രീമിങ് വയ്ക്കാറുണ്ട്. സഭ ടിവിയുടെ യുട്യൂബ് ചാനലില്‍ ലൈവ് കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്.

ENGLISH SUMMARY:

Tamil Nadu Assembly has witnessed a record increase in visitors following the ascent of Chief Minister Vijay. This surge in attendance, particularly among students and the youth, signifies a growing interest in politics among the younger generation.