ആറ്റുകാലമ്മക്ക് ഇന്ന് ഭക്തലക്ഷങ്ങളുടെ പൊങ്കാല. പൊങ്കാലയര്‍പ്പിക്കാന്‍ വിവിധയിടങ്ങളില്‍ നിന്ന് ഭക്തര്‍ തിരുവനന്തപുരത്തെത്തി. ക്ഷേത്ര മുറ്റം മുതൽ പത്ത് കിലോ മീറ്ററിലേറെ വരുന്ന ദൂരം അടുപ്പുകളാൽ നിറഞ്ഞു. രാവിലെ 9. 15ന് ശുദ്ധ പുണ്യാഹത്തോടെ ക്ഷേത്ര ചടങ്ങുകൾ തുടങ്ങും. 9.45 ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ഭദ്രദീപം ക്ഷേത്രമുറ്റത്ത് തയാറാക്കിയ അടുപ്പിലേക്ക് പകരും. ഉച്ചയ്ക്ക് 2.15നാണ് നിവേദ്യം. ചന്ദ്രഗ്രഹണ ദിവസത്തെ പൊങ്കാല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രാദേശിക അവധിയാണ്.
സംഘകാലപാരമ്പര്യത്തോളം പഴക്കമുള്ളതാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഐതിഹ്യം. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകീ ചരിതമാണ് തോറ്റമായി പാടുന്നത്. തലമുറകള്‍ കൈമാറി വന്ന പാട്ടും, കഥകളും ആറ്റുകാല്‍ ഉല്‍സവത്തിന് കൂടുതല്‍ ചൈതന്യം പകരുന്നു.
കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുരയെ ചുട്ടെരിച്ച കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നല്‍കി വരവേറ്റു. അതിന്‍റെ ഓർമ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം.മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിക്ക് ജനങ്ങള്‍ പൊങ്കാലയര്‍പ്പിച്ചുവെന്നാണ്. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗയുടെ സ്വരൂപമായാണ് ഭക്തര്‍ ദേവിയെ സങ്കല്‍പിച്ചാരാധിക്കുന്നത്. കുത്തിയോട്ടം താലപ്പൊലി തുടങ്ങി ക്ഷേത്രത്തിലെ ഓരോ വഴിപാടിന് പിന്നിലും ഓരോ കഥകളുണ്ട്. കാലംചെല്ലുന്തോറും നിറവും മധുരവുമേറുന്ന കഥകള്‍.