iran-nuclear-threat-us-response

ഇറാന്റെ ആണവായുധ നിർമ്മാണവും ഭീകരവാദ പ്രവർത്തനങ്ങളും ലോകത്തിന് ഭീഷണിയാണെന്നും സൈനിക നടപടികൾ ആഴ്ചകളോളം തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏകദേശം 4 മുതൽ 5 ആഴ്ച വരെ നീണ്ടുനിന്നേക്കാവുന്ന പോരാട്ടത്തിന് അമേരിക്ക സജ്ജമാണെന്നും ആവശ്യമെങ്കിൽ അതിൽ കൂടുതൽ കാലം യുദ്ധം തുടരാൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്ക നൽകിയ മുൻകൂർ മുന്നറിയിപ്പുകളെല്ലാം ഇറാൻ അവഗണിച്ച സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനോടകം തന്നെ ഇറാന്റെ 10 നാവിക കപ്പലുകൾ തകർത്തതായി അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സംഘർഷം നിയന്ത്രണാതീതമായിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്.

യുദ്ധത്തിന്റെ പ്രതിഫലനമെന്നോണം യുഎഇയിലെ അബുദാബിയിലുള്ള മുസഫ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഇന്ധന ടാങ്കറുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ടാങ്കറുകൾക്ക് തീപിടിച്ചെങ്കിലും സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. ദുബായ് ഉൾപ്പെടെയുള്ള സുരക്ഷിത മേഖലകളിലും മിസൈൽ ഭീഷണി നിലനിൽക്കുന്നതിനാൽ വിമാന സർവീസുകൾ താറുമാറാവുകയും ആയിരക്കണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി.

ENGLISH SUMMARY:

The US President announced that Iran's nuclear weapons program and terrorist activities pose a global threat, with military operations potentially lasting for weeks. The United States is prepared for a conflict that could extend for more than a month if necessary, as Iran has disregarded previous warnings.