കെട്ടിട വാടക വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വാഴക്കുളത്തെ ബെവ്‌കോ വിദേശമദ്യ വിതരണ കേന്ദ്രം കെട്ടിട ഉടമ പൂട്ടിയിട്ടു. നാളുകളായി കടമുറിയുടെ വാടക വർദ്ധിപ്പിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉടമ അധികൃതർക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങളിൽ അനുകൂലമായ യാതൊരുവിധ തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് രാവിലെ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി ഉടമ രംഗത്തെത്തിയത്.
രാവിലെ ഔട്ട്‌ലെറ്റ് തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് കെട്ടിട ഉടമയുടെ പ്രതിഷേധം കാരണം പ്രവർത്തനം തടസ്സപ്പെട്ടത്. ഇതോടെ മദ്യം വാങ്ങാനായി ദൂരസ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തിയ നൂറുകണക്കിന് ഉപഭോക്താക്കൾ ബഹളം വച്ചു.
തുടർന്നു സ്ഥലത്തെത്തിയ പൊലീസും മറ്റ് ഉദ്യോഗസ്ഥരും പ്രശ്നപരിഹാരത്തിനായി ചർച്ചകൾ നടത്തി. എന്നിട്ടും തീരുമാനമാകാതെ വന്നതോടെ പൊലീസിന്റെ സാന്നിധ്യത്തിൽ നാട്ടുകാർ പൂട്ട് തകർത്ത് അകത്തു കടന്നു. ഇതോടെ ഉദ്യോഗസ്ഥർ മദ്യവില്‍പന ആരംഭിക്കുകയും ചെയ്തു.