ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപം സംഘർഷം. മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ ആക്രമിച്ച പൊലീസുകാർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എന്എസ്യുഐ പ്രതിഷേധം. എന്എസ്യു അധ്യക്ഷന് വിനോദ് ജാഖറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആക്രമിച്ച പൊലീസുകാർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു കേസ് എടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. റോഡ് ഉപരോധിച്ച പ്രവർത്തകരെ വലിച്ചിഴച്ചാണ് കസ്റ്റഡിയിൽ എടുത്തത്. ബാരിക്കേഡ് മറിച്ചിട്ട് ഡല്ഹി പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി പ്രവര്ത്തകര് റോഡിലിറങ്ങി. പ്രവര്ത്തകരെ കസ്റ്റഡിലെടുക്കാനുള്ള ശ്രമത്തിനിടെ സംഘര്ഷമുണ്ടായി. അതേസമയം കസ്റ്റഡിയിൽ എടുത്ത വനിതാ പ്രതിഷേധക്കാരെ ഉടൻ വിട്ടയച്ചു.
മാധ്യമപ്രവർത്തകരെയും സ്ഥലത്തേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിക്കുന്നില്ല. നൂറോളം എന്എസ്യുഐ പ്രവർത്തകരാണ് രാത്രി പത്തുമണിയോടെ പ്രതിഷേധം ശക്തമാക്കിയത്. ഇവരെ നേരിടാൻ അഞ്ഞൂറോളം കേന്ദ്രസേനാംഗങ്ങൾ സ്ഥലത്തുണ്ട്. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. ഉദ്യോഗസ്ഥർക്ക് എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. മലയാളി വിദ്യാർഥി ആതിര അടക്കമുള്ളവർ റോഡിൽ പ്രതിഷേധിക്കുന്നുണ്ട്.
ഡൽഹിയിൽ പ്രതിഷേധിച്ച മലയാളി വിദ്യാര്ഥിനി ആതിരയ്ക്ക് പൊലീസ് മര്ദനമേറ്റ സംഭവത്തിൽ കേരളത്തിൽ മ്യൂസിയം പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ആതിരയുടെ പരാതിയിലാണ് കേസെടുത്തത്. കൊണോട്ട് പ്ലേസിലെ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത എന്എസ്യുഐ നേതാവ് ആതിരയെ ക്രൂരമായി മർദിക്കുകയായിരുന്നു.