vv-rajesh

കനത്തമഴയില്‍ തലസ്ഥാനം വെള്ളക്കെട്ടിലായപ്പോള്‍ തെളിഞ്ഞത് തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ ഗുരുതര അനാസ്ഥ. ഓടകള്‍ കൃത്യസമയത്ത് വൃത്തിയാക്കാത്തത് ഉള്‍പ്പെടെ വീഴ്ചയുടെ പെരുമഴ തിരിച്ചറിഞ്ഞു. രണ്ടര മണിക്കൂറിലേറെ നഗരം വെള്ളക്കെട്ടിലായിട്ടും ശുചീകരണ തൊഴിലാളികളല്ലാതെ കോര്‍പ്പറേഷന്‍ അധികൃതര്‍ ആരും തിരിഞ്ഞ് നോക്കാത്തതില്‍ മുന്‍മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. അപ്രതീക്ഷിത മഴയാണ് പ്രശ്നത്തിനിടയാക്കിയതെന്നായിരുന്നു മേയര്‍ വി.വി രാജേഷിന്‍റെ മുംബൈയില്‍ നിന്നുള്ള ഒറ്റവാക്ക് പ്രതികരണം.  

 

നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന ബ്ലൂ പ്രിന്‍റ് തയാറെന്ന് മേയര്‍ ആവര്‍ത്തിച്ചപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. മാതൃകാ സിറ്റിയിലേക്ക് കുതിക്കുന്ന നഗരപരിധിയില്‍ നോക്കി നില്‍ക്കെ അരയോളം വെള്ളമുയര്‍ന്നു. വികസനത്തിന്‍റെ ബ്ലൂ പ്രിന്‍റെല്ലാം വെള്ളത്തിനിടയിലായി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോര്‍പ്പറേഷന്‍റെ ആരെങ്കിലും വരുമെന്ന് കരുതിയ സമയം കൈയില്‍ വടിയുമായി ശുചീകരണ തൊഴിലാളികള്‍ ദൗത്യത്തിനിറങ്ങി. ഓടയിലേക്ക് വെള്ളമിറങ്ങുന്ന സ്ഥലങ്ങളില്‍ കമ്പ് കൊണ്ട് കുത്തി വെള്ളം ഒഴുക്കിവിട്ടുള്ള രക്ഷാപ്രവര്‍ത്തനം. മുംബൈയിലിരുന്ന് വെള്ളക്കെട്ട് പരിഹരിക്കാന്‍ മേയര്‍ കര്‍ശന നിര്‍ദേശം നല്‍കിയപ്പോള്‍ ഡപ്യുട്ടി മേയര്‍ പോയിട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പോലും തമ്പാനൂര്‍ വഴി വന്നതേയില്ല. അലംഭാവം ആരോപിച്ച് മുന്‍മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. 

 

തിരുവനന്തപുരം എ.ഡി.എം സ്റ്റേഷനിലെത്തി ചര്‍ച്ച ചെയ്തു. നാളെ വൈകുന്നേരത്തിനുള്ളില്‍ ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. 

 

Also read: ഒരു മണിക്കൂറിൽ 9 സെന്റിമീറ്റർ മഴ; പെരുമഴയിൽ മുങ്ങി തലസ്ഥാനം

മഴ തോര്‍ന്നെങ്കിലും കോര്‍പ്പറേഷന്‍റെ വീഴ്ചയുടെ പെരുമഴക്കാലം നഗരത്തിലുള്ളവര്‍ നന്നായി പെയ്തറിഞ്ഞു. അടിയന്തര സാഹചര്യത്തിലേക്ക് ഒന്നും ചെയ്യാനാവാതെ കോര്‍പ്പറേഷന്‍ അധികാരികള്‍ കൈയ്യും കെട്ടി നോക്കിനിന്നതും വീഴ്ചയുടെ ആഴം കൂട്ടി.  

 

 

തിരുവനന്ത‘കുളം’

 

വികസനമെന്ന അധികാരികളുടെ അവകാശവാദം തകര്‍ത്ത് തിരുവനന്തപുരം നഗരം വീണ്ടും വെള്ളത്തില്‍ മുങ്ങി. ഒറ്റ മണിക്കൂര്‍ നീണ്ട മഴയില്‍ തമ്പാനൂരിലും പരിസരങ്ങളിലുമുള്ള റോഡും നടപ്പാതകളുമെല്ലാം വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് യാത്രക്കാര്‍ ചെളിവെള്ളത്തില്‍ പെട്ടു. കാറും ബൈക്കുകളുമടക്കം അമ്പതിലേറെ വാഹനങ്ങള്‍ തകരാറിലായി. 

 

കടുത്ത വെയില്‍മാറി പെരുമഴ തുടങ്ങിയത് പന്ത്രണ്ട് മണിയോടെയായിരുന്നു. പ്ളാസ്റ്റിക് കുപ്പികള്‍ മുതല്‍ ശുചിമുറി മാലിന്യം വരെ നിറഞ്ഞ വെള്ളത്തില്‍ തമ്പാനൂരും പരിസരവും മുങ്ങിത്താഴാന്‍ അധികനേരം വേണ്ടിവന്നില്ല. നനയാതിരിക്കാന്‍  വെയിറ്റിങ് ഷെഡില്‍ അഭയം തേടിയവര്‍ക്ക് മുങ്ങാതിരിക്കാന്‍ ഇരിപ്പിടത്തില്‍ കയറേണ്ടിവന്നു.

വഴിയോരത്ത് പാര്‍ക് ചെയ്തിരുന്ന ബൈക്കുകള്‍ കൂട്ടത്തോടെ മുങ്ങിപ്പോയി. വെള്ളക്കെട്ടില്‍പെട്ട കാറുമായി യുവാവ് മഴ നനഞ്ഞ് കാത്ത് നിന്നിട്ടും സഹായിക്കാന്‍ ആരുമെത്തിയില്ല.

ഒടുവില്‍ ഓട്ടോക്കാരെത്തി ഉന്തി കരക്ക് കയറ്റി. കടകളിലേക്കും ചെളിവെള്ളം അടിച്ച് കയറിയതോടെ കച്ചവടക്കാര്‍ക്കും നഷ്ടമേറെ

ബസിലും ട്രെയിനിലുമെത്തിയവര്‍ പുറത്തിറങ്ങിയാല്‍ വെള്ളത്തിലാകുന്ന അവസ്ഥ. നാടാകെ ഗതാഗതകുരുക്കും. ജനം അക്ഷരാര്‍ത്ഥത്തില്‍ നട്ടംതിരിഞ്ഞു.

 

രണ്ട് മണിയോടെ മഴ തോര്‍ന്നു. അതുവരെ കാണാതിരുന്ന കോര്‍പറേഷന്‍ ജീവനക്കാരും പൊലീസുമെല്ലാം പ്രത്യക്ഷപ്പെട്ടു. മാലിന്യം കൊണ്ട് അടഞ്ഞ ഓടയുടെ മേല്‍മൂടികളിലെ തടസങ്ങള്‍ മാറ്റിയതോടെ വെള്ളം ഇറങ്ങിത്തുടങ്ങി.

ENGLISH SUMMARY:

Thiruvananthapuram waterlogging caused severe disruption in the city following heavy unexpected rains and corporation negligence. Mayor V.V. Rajesh faced criticism as major streets in Thampanoor went underwater while sanitation workers stepped in to clear blocked drains.