നടി ആക്രമണക്കേസിലെ വിധി വന്നതിന് പിന്നാലെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് ഭാഗ്യലക്ഷ്മി രാജിവച്ചു. ഫെഫ്കയും താരസംഘടനയായ അമ്മയും വേട്ടക്കാര്‍ക്കൊപ്പമെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. അതിജീവിതയ്ക്കൊപ്പമല്ല ഇവരെന്ന് തിരിച്ചറിയുന്നു. ഒരു സംഘടനയിലും ഇനി പ്രവര്‍ത്തിക്കില്ലെന്നും ഭാഗ്യലക്ഷ്മി.
താര സംഘടന ‘അമ്മ’യ്ക്കുനേരെയും രൂക്ഷ വിമര്‍ശനമാണ് ഭാഗ്യലക്ഷ്മി ഉന്നയിച്ചത്. അമ്മയുടെ തലപ്പത്ത് സ്ത്രീകള്‍ വന്നിട്ടും ഫലമില്ല. സ്ത്രീകള്‍ നയിക്കുന്നതില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും അവര്‍ പറയുന്നത് പിന്നിലുള്ള പുരുഷന്മാരുടെ അഭിപ്രായമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ ദിലീപ് നിയമ നടപടിക്കൊരുങ്ങുന്നു. തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനാണ് നീക്കം. അന്വേഷണസംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന നിലപാടിലാണ് ദിലീപ്.
ഗൂഢാലോചനയുടെ ഇരയാണ് താനെന്നായിരുന്നു ഇന്നലെ കുറ്റവിമുക്തനായി കോടതിക്ക് പുറത്തിറങ്ങിയ ദിലീപ് ആദ്യം പ്രതികരിച്ചത്. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ നിലപാട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
കേസിൽ താനാണ് സൂത്രധാരൻ എന്ന് വരുത്തിത്തീർക്കാൻ പ്രത്യേക അന്വേഷണ സംഘം സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ നിലപാട്. ആദ്യഘട്ടത്തിൽ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെപ്പോലും ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കേസിന്റെ ആദ്യ നാല് മാസങ്ങളിൽ അതിജീവിത തനിക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പരാമർശങ്ങൾ ഉണ്ടായതെന്നും ദിലീപ് വിശ്വസിക്കുന്നു.
അതിജീവിതയുമായി തനിക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും വളരെ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും ദിലീപ് വ്യക്തമാക്കുന്നുണ്ട്. നിലവിൽ കേസിൽ ഉത്തരവ് പൂർത്തിയായിട്ടില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പൾസർ സുനി അടക്കം ആറ് പേർക്കുള്ള ശിക്ഷ വിധിച്ചതിന് ശേഷമേ ഉത്തരവ് പുറത്തുവരൂ. ഉത്തരവ് വിശദമായി പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ദിലീപിന്റെ തീരുമാനം.