gaza-kanthapuram

ഗാസയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഗാസയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് കാന്തപുരം അബൂബക്കർ മുസലിയാർ. കണ്ണു കുഴിഞ്ഞ്, വയറൊട്ടിയ, എല്ലുന്തിയ, വിശപ്പിന്‍റെ മരണവേദനയിൽ നിലവിളിക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കണ്ണിൽ നിന്നു മായുന്നില്ലെന്നും ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഗാസയില്‍ നടക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഗാസയെ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ അഭ്യര്‍ഥിക്കുന്നത്.

‘സർവവും നഷ്ടപ്പെട്ട് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്കും, മുഴുപട്ടിണിയിൽ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികൾക്കായി കാത്തുനിൽക്കുന്നവർക്കും നേരെ വെടിയുതിർക്കാൻ മുതിരുന്നത് പോലുള്ള എത്ര കിരാതമായ ആശയമാണ് അക്രമികളെ നയിക്കുന്നതെന്ന് ലോകത്തിന് ബോധ്യപ്പെടുന്നുണ്ട്. ചിത്രങ്ങളും വാർത്തകളും നമ്മോട് പറഞ്ഞതിനേക്കാളും ഭീകരമാണ് അവസ്ഥ. ഹൃദയം തകർന്നു പോകുന്ന മുറിവുകളുടെ മാത്രം ലോകമായി ഒരു നാട് മാറിയിരിക്കുന്നു. പിറന്ന മണ്ണിൽ അഭയാർഥികളായി അരവയറുപോലും നിറയ്ക്കാൻ നിവൃത്തിയില്ലാതെ ദയനീയമായി അവർ നമ്മെ നോക്കുന്നു’ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. ALSO READ: ഗാസ പിടിക്കുമെന്ന് നെതന്യാഹു; ഇടഞ്ഞ് സഖ്യകക്ഷികള്‍; ആയുധ വിതരണം നിര്‍ത്തി ജര്‍മനി ...

മനുഷ്യനെന്ന നിലയിലും ഒരു വിശ്വാസി എന്ന നിലയിലും നമുക്ക് ചില കടമകളുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ‘നമ്മുടെ സഹോദരങ്ങളാണവർ. അവർക്കുവേണ്ടി മനമുരുകി പ്രാർഥിക്കേണ്ടതുണ്ട്. ഗാസയിലുള്ളവരുടെ ക്ഷേമത്തിനും ഗാസയില്‍ സമാധാനം പുലരുന്നതിനും വേണ്ടി തിങ്കളാഴ്ച മഗ്‌രിബ് നിസ്കാരശേഷം കുടുംബാംഗങ്ങൾക്കൊപ്പം ഒന്നിച്ചിരുന്ന് സവിശേഷ പ്രാർഥന നടത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു’. പലസ്തീൻ ജനതക്ക് എത്രയും വേഗം സമാധാനം സാധ്യമാവട്ടെ എന്നാശംസിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍റെ പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ വെള്ളിയാഴ്ചയാണ്  അംഗീകാരം നല്‍കിയത്. ഗാസ സിറ്റിയുടെ നിയന്ത്രണമാണ് ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കുക എന്നാണ് പുതിയ പ്രസ്താവന. ഹമാസിനെ ഇല്ലാതാക്കുകയും ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്. ഗാസ ഏറ്റെടുക്കാന്‍ പോകുന്നില്ലെന്നും ഗാസയെ ഹമാസില്‍ നിന്നും മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും നെതന്യാഹു എക്സില്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള കാബിനറ്റിന്‍റെ പദ്ധതിയിൽ ഗാസ മുനമ്പിന്‍റെ മുഴുവൻ സുരക്ഷയും ഇസ്രായേൽ കൈകാര്യം ചെയ്യുന്നതും ഉൾപ്പെടും.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായുള്ള വാർത്ത കണ്ടു. ഗാസയിൽ വംശഹത്യ പദ്ധതി നടപ്പാക്കിയാണ് സയണിസ്റ്റ് സൈന്യം ഇപ്പോൾ മുന്നോട്ട് പോവുന്നത്. കണ്ണു കുഴിഞ്ഞ, വയറൊട്ടിയ, എല്ലുന്തിയ, ഓരോ നിമിഷവും വിശപ്പിന്റെ മരണവേദനയിൽ നിലവിളിക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കണ്ണിൽ നിന്നു മായുന്നില്ല. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കരാറുകളും ലംഘിച്ച് കഴിഞ്ഞ 22 മാസമായി ഇസ്രയേൽ ഗാസയിൽ തുടരുന്ന നരഹത്യയും ഉപരോധവും മൂലം ഇതുവരെ 65,000 ത്തോളം പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. സ്ത്രീകളും കുട്ടികളുമുൾപ്പെടെ പട്ടിണിമൂലം മാത്രം മരണപ്പെട്ടത് 193 പേർ.

ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഗാസയിൽ ചെയ്തുകൂട്ടുന്നത്. സർവവും നഷ്ടപ്പെട്ട് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്കും, മുഴുപട്ടിണിയിൽ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന കേവല ഭക്ഷണപ്പൊതികൾക്ക് കാത്തുനിൽക്കുന്നവർക്കും നേരെപോലും വെടിയുതിർക്കാൻ മുതിരുന്നത് എത്ര കിരാതമായ ആശയമാണ് അക്രമികളെ നയിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.

ചിത്രങ്ങളും വാർത്തകളും നമ്മോട് പറഞ്ഞതിനേക്കാളും ഭീകരമാണ് അവസ്ഥ. 81% ജനങ്ങൾക്കും ഭക്ഷ്യോപയോഗം ഏറ്റവും കുറഞ്ഞ നിലയിലെന്നാണ് യുഎൻ കണക്ക്. പത്തിൽ ഒൻപതു കുടുംബങ്ങളും ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടാനായി നെട്ടോട്ടമോടുകയാണ്. ഹൃദയം തകർന്നു പോകുന്ന മുറിവുകളുടെ മാത്രം ലോകമായി ഒരു നാട് മാറിയിരിക്കുന്നു. പിറന്ന മണ്ണിൽ അഭയാർഥികളായി അരവയറുപോലും നിറക്കാൻ നിവൃത്തിയില്ലാതെ ദയനീയമായി അവർ നമ്മെ നോക്കുന്നു.

മാനുഷിക പരിഗണനയിലും ഒരു വിശ്വാസി എന്ന നിലയിലും നമുക്ക് ചില കടമകളുണ്ട്. നമ്മുടെ സഹോദരങ്ങളാണവർ. ഓർക്കുമ്പോൾ കണ്ണിൽ നനവ് പടരുന്നു. അവർക്കുവേണ്ടി ഇനിയും റബ്ബിനോട് മനമുരുകി പ്രാർഥിക്കേണ്ടതുണ്ട്. ഗാസ നിവാസികളുടെ ക്ഷേമത്തിനും സമാധാനം പുലരുന്നതിനും വേണ്ടി വരുന്ന തിങ്കളാഴ്ച (11-08-25) മഗ്‌രിബ് നിസ്കാരശേഷം കുടുംബാംഗങ്ങൾക്കൊപ്പം ഒന്നിച്ചിരുന്ന് സവിശേഷ പ്രാർഥന നടത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു. പ്രാർഥനയുടെ മുന്നോടിയായി സുകൃതങ്ങൾ ഉണ്ടാവുകയെന്നത് അതിന്റെ സ്വീകാര്യതയുടെയും മര്യാദയുടെയും ഭാഗമാണല്ലോ. ആ അർഥത്തിൽ തിങ്കളാഴ്ച പകൽ അന്നേ ദിവസം സുന്നത്തുള്ള നോമ്പ് കഴിയുന്നവരെല്ലാം അനുഷ്ഠിക്കണമെന്ന് ഉണർത്തുന്നു. പലസ്തീൻ ജനതക്ക് എത്രയും വേഗം സമാധാന ജീവിതം സാധ്യമാവട്ടെ.

ENGLISH SUMMARY:

Amid reports of Israel’s plans to take full control of Gaza, Kanthapuram A.P. Aboobacker Musliyar has urged people to pray for the war-torn region. In a heartfelt Facebook post, he described the haunting images of starving, frail, and suffering children in Gaza, calling the ongoing situation an unjustifiable genocide. He appealed to everyone to include Gaza in their prayers and stand in solidarity with the oppressed people facing unimaginable hardship.