Yasser Abu Shabab (Image: Popular Forces/Facebook)
ഗാസയിൽ ഇസ്രയേല്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹമാസ് വിരുദ്ധ സായുധ സംഘത്തിന്‍റെ നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. തെക്കൻ ഗാസയിലെ റാഫയിലെ ഒരു പ്രദേശമാകെ നിയന്ത്രിക്കുന്ന സായുധ സംഘത്തിന്‍റെ നേതാവ് യാസർ അബു ഷബാബ് ആണ് കൊല്ലപ്പെട്ടത്. ഒരു കുടുംബ വഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം. ഹമാസല്ല യാസർ അബു ഷബാബിനെ കൊലപ്പെടുത്തിയതെന്നും ഗാസയിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് കാരണമെന്നും നേരത്തെ ഇസ്രയേലി വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
ഗാസയിലെ ഇസ്രയേലി പിന്തുണയുള്ള നിരവധി സായുധ സംഘങ്ങളുടെ നേതാവായിരുന്നു കൊല്ലപ്പെട്ട മുപ്പതുകാരനായ അബു ഷബാബ്. ഇയാളുടെ മരണം ഗാസയിലെ ഇസ്രയേലിന്‍റെ പദ്ധതികള്‍ക്ക് തിരിച്ചടിയായേക്കാമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗാസ വിരുദ്ധനെന്നാണ് അബു ഷബാബിനെ വിശേഷിപ്പിച്ചിരുന്ന ഹമാസ് ഇയാളെ ലക്ഷ്യം വച്ചിരുന്നെങ്കിലും മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഗാസയിലെ പകുതിയോളം പ്രദേശം ഇപ്പോഴും ഇസ്രയേൽ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. ഹമാസിനെ തുരത്താന്‍ തെക്കൻ ഗാസയിൽ സൈന്യം സ്വാധീനം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഹമാസിനെ ദുർബലപ്പെടുത്തുക എന്നതാണ് അബു ഷബാബിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ ഉപയോഗിച്ച് ഇസ്രയേല്‍ ലക്ഷ്യം വയ്ക്കുന്നത്. ഇസ്രയേൽ അധിനിവേശ ഗാസയ്ക്കുള്ളിലെ പുനർനിർമ്മാണ പ്രവര്‍ത്തനങ്ങളുടെ സുരക്ഷാ ചുമതലയും പോപ്പുലർ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഈ സംഘടനയ്ക്കാണ്. ഹമാസ് വിരുദ്ധ ശക്തികളായി സ്വയം അവകാശപ്പെടുന്നവരാണ് ഈ സായുധ സംഘങ്ങൾ. അതേസമയം ഇസ്രയേൽ സൈന്യത്തിന്‍റെ ഉപകരണങ്ങളായാണ് പലസ്തീനികൾ ഇവരെ വിമര്‍ശിക്കുന്നത്.
ഗാസയിലെ ഏറ്റവും ശക്തമായ ഗോത്രങ്ങളിൽ ഒന്നായ തറാബിൻ ഗോത്രത്തിലെ അംഗം കൂടിയാണ് കൊല്ലപ്പെട്ട യാസർ അബു ഷബാബ്. ലഹരി കടത്ത്, മോഷണം തുടങ്ങിയവ ആരോപിച്ച് 2015 ൽ ഹമാസ് ഇയാളെ പിടികൂടി 25 വർഷത്തേക്ക് ജയിലിൽ അടച്ചിരുന്നു. പിന്നീട് ജയിൽ ചാടിയ ഇയാൾ സായുധ സംഘടനയെ നയിക്കുകയായിരുന്നു. ഹമാസിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗാസയിൽ ഹമാസ് വധിക്കാനുദ്ദേശിക്കുന്നവരുടെ ഒന്നാമതായാണ് യാസർ അബു ഷബാബിനെ ഉൾപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.