പൊതു സ്ഥലങ്ങളില്‍ ശുചിമുറി ഇല്ലാത്തതിന്‍റെ വിഷമം തുറന്നുപറഞ്ഞുകൊണ്ടുള്ള യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സര്‍ക്കാരിനുള്ള തുറന്ന കത്ത് എന്ന നിലയിലാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോഡലുമായ പ്രില്‍ന രാജ് പോസ്റ്റിട്ടിരിക്കുന്നത്. മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് വെള്ളംകുടി ഒഴിവാക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് അവര്‍ കുറിച്ചു.
'ഞങ്ങൾ സ്ത്രീകൾക്ക് ഒരു ശുചിമുറി വേണം, പുറത്തിറങ്ങിയാല്‍ മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് വെള്ളംകുടി ഒഴിവാക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. ആരെയും കുറ്റപെടുത്തി അല്ല പോസ്റ്റ് എന്നത് ആദ്യമേ വ്യക്തമാക്കുന്നു. കണ്ണൂരിലേക്ക് ഇറങ്ങിയാൽ, മൂത്രം ഒഴിക്കാനായി ഏതെങ്കിലും ഷോപ്പിങ് കോംപ്ലക്സ്സിലേക്ക് പോകേണ്ട അവസ്ഥയാണ്. കയ്യിൽ വണ്ടി ഇല്ലാത്തവർക്ക് അതും ബുദ്ധിമുട്ടാണ്. പോകുന്ന ഇടത്തു മുഴുവൻ ശുചിമുറി ഉണ്ടാക്കി വെക്കാൻ ആവുമോ എന്ന് ചോദിച്ചാൽ പോകുന്ന വഴിയിലെല്ലാം, ആണുങ്ങളെ പോലെ കാട്ടിൽ പോയി മൂലയ്ക്ക് നിന്ന് കാര്യം സാധിക്കാൻ ആവാത്ത സ്ത്രീകളും ഉണ്ട്.
ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണം എന്ന് അഭ്യർത്ഥിക്കുന്നു. യാത്ര പോകുന്ന സമയത്ത് ഓരോ പെട്രോൾ പമ്പ് നോക്കി അവരുടെ മുഖം കണ്ട് താക്കോൽ മേടിക്കാൻ കുറച്ചു വിഷമം ഉണ്ട്. അവരെ കുറ്റം പറയാനും ആവില്ല. അവിടെ നിന്ന് പെട്രോൾ അടിക്കാതെ ഇങ്ങനെ ചെയ്യുമ്പോൾ ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാകും. അവരത് പ്രകടമാക്കിയില്ലെങ്കിലും മുഖത്തെ ചെറിയ നീരസം കാണുമ്പോൾ മനസിലാവും.
ഇതിനെ കുറിച്ച് കാര്യമായി അന്വേഷിക്കണം, ഇതിനൊരു പരിഹാരം കാണണം. ബുദ്ധിമുട്ട് നേരിട്ടത് കൊണ്ടാണ് പറഞ്ഞത് എന്ന് ഒന്നുകൂടെ പറയുന്നു.
ബാത്റൂമുകൾ നിർമിക്കുന്ന പ്രവർത്തനം മാത്രമല്ല വേണ്ടത്. അതിനെ വൃത്തിയായി പരിസര മലിനീകരണം ഇല്ലാതെ സൂക്ഷിക്കുകയും വേണം. എ ഐ, ഓട്ടോമാറ്റ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ബയോ ടോയ്‌ലെറ്റുകൾ നിർമ്മിക്കുന്നത് പരിഗണിക്കേണ്ടതാണ്.
ഇതുവരെ ഭർത്താവിന്റെ നാട്ടിലേക്കു പോകുമ്പോൾ നെടുംപൊയിൽ ഒരു പെട്രോൾ പമ്പിൽ നിന്ന് മാത്രമാണ് ഒരു താക്കോൽ പോലും വെക്കാതെ എല്ലാവർക്കും അതിനുള്ള സൗകര്യം ഒരുക്കി തന്നിട്ടുള്ളത്. അവര്‍ക്ക് നന്ദി. എല്ലായ്‌പ്പോഴും അവരിൽ നിന്ന് അങ്ങനെ ഉണ്ടാകോ എന്ന് അറിയില്ല. മെയിൻ ബസ് സ്റ്റോപ്പിന് അടുത്തായി ഒരു ശുചിമുറി വേണം എന്ന് ഒന്നുടെ അഭ്യർത്ഥിക്കുന്നു. ഇതിൽ കണ്ണൂർ എന്ന് വെച്ചത് ഞാൻ ഉള്ള സ്ഥലത്തെ സൂചിപ്പിക്കാനാണ്'. കേരളത്തിൽ എല്ലായിടത്തും ഉള്ള പ്രശ്നം ആണ് ഇതെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രില്‍ന പോസ്റ്റ് അവസാനിപ്പിക്കുന്നത്.