FILE PHOTO: Israeli Prime Minister Benjamin Netanyahu speaks during a press conference, in Jerusalem, May 21, 2025. REUTERS/Ronen Zvulun/Pool/File Photo
ഗാസയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ ഇടഞ്ഞ് സഖ്യകക്ഷികള്‍. ഇസ്രയേലിന് ആയുധ വിതരണം നടത്തുന്നത് ജര്‍മനി നിര്‍ത്തി. ഇസ്രയേല്‍ തീരുമാനം പുനപരിശോധിക്കണമെന്ന് യൂറോപ്യന്‍ യൂണിയും യുകെയും ആവശ്യപ്പെട്ടു.
ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ വെള്ളിയാഴ്ചയാണ് ഇസ്രയേല്‍ ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. ഗാസ സിറ്റിയുടെ നിയന്ത്രണമാണ് ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കുക എന്നാണ് പുതിയ പ്രസ്താവന.
ഹമാസിനെ ഇല്ലാതാക്കുകയും ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്. ഗാസ ഏറ്റെടുക്കാന്‍ പോകുന്നില്ലെന്നും ഗാസയെ ഹമാസില്‍ നിന്നും മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും നെതന്യാഹു എക്സില്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള കാബിനറ്റിന്‍റെ പദ്ധതിയിൽ ഗാസ മുനമ്പിന്‍റെ മുഴുവൻ സുരക്ഷയും ഇസ്രായേൽ കൈകാര്യം ചെയ്യുന്നതും ഉൾപ്പെടും.
ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന നെതന്യാഹുവിന്‍റെ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു.
ഇസ്രയേല്‍ തീരുമാനത്തോട് കടുത്ത ഭാഷയിലാണ് ജര്‍മനി പ്രതികരിച്ചത്. ഇസ്രയേലിന്‍റെ സൈനിക തന്ത്രങ്ങളില്‍ വ്യക്തയില്ലെന്നാണ് ജര്‍മന്‍ ചാന്‍സ്‍ലര്‍ ഫ്രെഡറിക് മെർസ് പറഞ്ഞത്. ഈ തന്ത്രത്തില്‍ എങ്ങനെയാണ് ഹമാസിനെ നിരായുധീകരിക്കുകയെന്നും ബന്ദികളെ മോചിപ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. യു.എസ് കഴിഞ്ഞാല്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്നത് ജര്‍മനിയാണ്. അതിനാല്‍ ആയുധ വിതരണം നിര്‍ത്താനുള്ള ജര്‍മനിയുടെ തീരുമാനം വിഷയത്തില്‍ നിര്‍ണായകമാണ്.
യു.കെയും ഇസ്രയേല്‍ നടപടിയെ വിമര്‍ശിച്ചിരുന്നു. ഗാസ മുനമ്പിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കാൻ ഇസ്രായേൽ തയ്യാറായില്ലെങ്കില്‍ സെപ്റ്റംബറിൽ യുഎൻ പൊതുസഭയിൽ (യുഎൻജിഎ) ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് യുകെ ജൂലൈ 29 ന് പ്രഖ്യാപിച്ചിരുന്നു.