Image Credit: X/AsiaWarZone
ഇറാനില്‍ യു.എസ് ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന ആശങ്കകള്‍ക്കിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍റെ ഔദ്യോഗിക വിമാനം ഗ്രീസിലേക്ക് പറന്നു. വിംഗ് ഓഫ് സിയോണ്‍ എന്നു വിളിക്കുന്ന ഇസ്രയേല്‍ സര്‍ക്കാറിന്‍റെ ഔദ്യോഗിക ബോയിങ് 767 വിമാനം രാജ്യം വിട്ടതായി എയര്‍ലൈന്‍ ഡാറ്റ വ്യക്തമാക്കി. അതേസമയം, വിമാനം ഗ്രീസിലെത്തി 40 മിനിട്ടുകള്‍ക്ക് ശേഷം തിരികെ പറന്നിട്ടുണ്ട്.
ഇസ്രയേല്‍ സമയം രാവിലെ 11.27 നാണ് വിംഗ് ഓഫ് സിയോണ്‍ നെവേറ്റിം എയർബേസില്‍ നിന്നും പറന്നത്. ഉച്ചയ്ക്ക് 1.14 ഓടെ ഗ്രീസിലെ ക്രീറ്റ് ദ്വീപിലെ ഹെരാക്ലിയോൺ രാജ്യാന്തര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിംഗ് ഓഫ് സിയോണ്‍ ലാന്‍ഡ് ചെയ്തു. ഒരു മണിക്കൂറില്‍ താഴെയാണ് വിമാനം ഗ്രീസിലുണ്ടായിരുന്നത്. ശേഷം ബീര്‍ഷെവയിലേക്ക് തിരികെ പറന്നു. ഉച്ചയ്ക്ക് 3.14 ന് വിമാനം ഇസ്രയേലിലേക്ക് തിരിച്ചെത്തി എന്നും എയര്‍ലൈന്‍ ഡാറ്റ വ്യക്തമാക്കുന്നു.
യു.എസിന്‍റെ ഇറാന്‍ ആക്രമണം ഉണ്ടായാല്‍ ഇറാൻ മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യം വയ്ക്കുന്നത് ഒഴിവാക്കാനാണ് വിമാനം അതിര്‍ത്തി കടന്നതെന്ന് വാദമുണ്ട്. ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടക്കുന്നതിന് മുന്‍പ് ബെൻ ഗുരിയോൺ എയർപോർട്ടില്‍ നിന്നും വിമാനം മാറ്റിയിരുന്നു. 2024 ഏപ്രില്‍ 13 ന് ഇറാന്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിന് മുന്‍പ് നെവേറ്റിം എയർബേസില്‍ നിന്നാണ് വിങ് ഓഫ് സിയോണ്‍ പറന്നത്.
Also Read: ഖത്തറില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിച്ച് യു.എസ്; യുഎഇക്കും സൗദിക്കും ഇറാന്‍റെ ഭീഷണി; ആക്രമണം ഉടന്‍?
എന്നാല്‍ ഇറാന്‍റെ ആക്രമണ സാധ്യതകള്‍ക്ക് ഇന്നത്തെ പറക്കലുമായി ബന്ധമില്ലെന്നാണ് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഷെഡ്യൂള്‍ ചെയ്ത സാധാരണ പരിശീലന പറക്കലാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇസ്രയേല്‍ വ്യോമസേനയുടെ ഒഴിപ്പിക്കല്‍ പരിശീലനമാകാം ഇതെന്നാണ് ഏവിയേഷന്‍ വിദഗ്ധര്‍ അനുമാനിക്കുന്നത്.
കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള വിമാനമാണ് വിംഗ് ഓഫ് സിയോണ്‍. കരയിലുള്ള സൈനിക കേന്ദ്രങ്ങളുമായും രഹസ്യാന്വേഷണ വിഭാഗങ്ങളുമായും വിമാനത്തിലിരുന്ന് ബന്ധം നിലനിർത്താൻ സാധിക്കും. ലോകത്തെവിടെയും നിർത്താതെ പറക്കാനുള്ള ശേഷിയും ഇതിനുണ്ട്.