ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തില്‍ പരുക്കേറ്റ പ്രതിഷേധക്കാരെ ആശുപത്രി കിടക്കയില്‍ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുറിവുകളുമായി എത്തിയവരെയും ഡ്രിപ്പിട്ട് കിടന്നവരെയും ഇറാനിയന്‍ സുരക്ഷാ സേന ക്ലോസ് റേഞ്ചില്‍ വെടിവെയ്ക്കുകയായിരുന്നു. പ്രതിഷേധക്കാരാ തിരിച്ചറിയാന്‍ ആശുപത്രി രേഖകള്‍ ഇറാന്‍ സേന ഉപയോഗിച്ചതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രികളില്‍ എല്ലാ ദിവസവും കൊലപാതകം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കസ്റ്റഡിയിലുള്ളവര്‍ക്കു നേരെ ലൈംഗികാതിക്രമം നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കസ്റ്റഡിയില്‍ പീഡനം നടക്കുന്നതിനാല്‍ കുടുംബാംഗങ്ങളോട് ഗര്‍ഭനിരോധന ഉറകള്‍ അയക്കാന്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ 207 ൽ അധികം ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 56 ജയിലുകളിലായി തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ കൂട്ടായ്മയായയുടെ കണക്കാണിത്.
യു.എസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സിയുടെ കണക്കുപ്രകാരം ഏകദേശം 6221 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സമരക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കമുള്ള കണക്കാണിത്. 42000 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഇറാന്‍റെ ഔദ്യോഗിക കണക്ക് ഇതിലും കുറവാണ്. 3117 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഇറാന്‍ പറയുന്നത്. ഇവരെ തീവ്രവാദികള്‍ എന്നാണ് ഇറാന്‍ നല്‍കുന്ന വിശദീകരണം.
പ്രതിഷേധത്തില്‍ പരുക്കേറ്റവരാണെന്ന് കണ്ടെത്തിയാലുടന്‍ വെടിവെയ്പ്പുണ്ടായതായി നേരത്തെ ദൃക്സാക്ഷികള്‍ എഎഫ്പിയോട് വെളിപ്പെടുത്തിയിരുന്നു. ഇത് ഭയന്ന് പരുക്കേറ്റ പ്രതിഷേധക്കാര്‍ ആശുപത്രിയിലേക്ക് പോകാന്‍ ഭയന്നിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.